Quantcast

മകളുടെ ഹരജി വീണ്ടും തള്ളി; എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകാൻ ലോറൻസ് ആഗ്രഹം പ്രകടിപ്പിച്ചതായി കുടുംബവും പാർട്ടിയും ആശുപത്രിയെ അറിയിച്ചതോടെ മകൾ ആശ എതിർപ്പുമായി രംഗത്തെത്തുകയും ​ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-10-29 13:03:57.0

Published:

29 Oct 2025 6:31 PM IST

മകളുടെ ഹരജി വീണ്ടും തള്ളി; എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകിയ നടപടിയിൽ പുനഃപരിശോധനയില്ല. പഠനാവശ്യങ്ങൾക്ക് മൃതദേഹം വിട്ടുനൽകിയ നടപടി ശരിവെച്ച ഹൈക്കോടതിനടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ ഹരജിയും ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദർ, ജസ്റ്റിസ് എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കാൻ എം.എം. ലോറൻസ് ആവശ്യപ്പെട്ടിരുന്നു എന്നതായിരുന്നു പുനഃപരിശോധന ഹരജിയിലെ വാദം. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഹാജരാക്കിയിരുന്നെങ്കിലും ഇക്കാര്യം കോടതി തള്ളി. മൃതദേഹം വിട്ടുനൽകണം എന്ന ആവശ്യമുയർത്തി ആശ ലോറൻസ് നൽകിയ ഹരജി ഹൈക്കോടതിയും സുപ്രിംകോടതിയും നേരത്തെ തള്ളിയിരുന്നു.

2024 സെപ്റ്റംബർ 21നാണ് എംഎം ലോറൻസ് അന്തരിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകാൻ ലോറൻസ് ആഗ്രഹം പ്രകടിപ്പിച്ചതായി കുടുംബവും പാർട്ടിയും ആശുപത്രിയെ അറിയിച്ചതോടെ മകൾ ആശ എതിർപ്പുമായി രംഗത്തെത്തുകയും ​ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. മെഡിക്കൽ കോളജിന് മൃതദേഹം വിട്ടുനൽകരുതെന്നും മതാചാരപ്രകാരം പിതാവിനെ അടക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.

തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു. കളമശേരി മെഡിക്കൽ കോളജ് ഓഫീസർ വിഷയം തീർപ്പാക്കണമെന്നും കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ വിഷയം പരിഹരിക്കാൻ കളമശേരി മെഡിക്കൽ കോളജ് അഡ്വസൈറി കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മക്കളുടെ ഭാഗങ്ങൾ വിസ്തരിച്ച് കേട്ട അഡ്വൈസറി കമ്മിറ്റി വൈദ്യപഠനത്തിന് വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.

TAGS :

Next Story