Quantcast

'98, 68, 91, 99 ഇതൊരു ഫോൺ നമ്പര്‍ അല്ല', തെരഞ്ഞെടുപ്പിനൊരുങ്ങുന്ന യുഡിഎഫിന് ഓര്‍മപ്പെടുത്തലുമായി എം.എം മണി, മറുപടിയുമായി വി.ടി ബല്‍റാം

കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണമാണ് എം.എം മണി അക്കങ്ങളിലൂടെ വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    7 Jan 2026 11:11 PM IST

98, 68, 91, 99 ഇതൊരു ഫോൺ നമ്പര്‍ അല്ല, തെരഞ്ഞെടുപ്പിനൊരുങ്ങുന്ന യുഡിഎഫിന് ഓര്‍മപ്പെടുത്തലുമായി എം.എം മണി, മറുപടിയുമായി വി.ടി ബല്‍റാം
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ക്യാമ്പുകളിൽ സജീവമാകുന്നതിനിടെ, യുഡിഎഫിന് കഴിഞ്ഞ കാലത്തെ കണക്കുകൾ ഓർമ്മിപ്പിച്ച് എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

"98, 68, 91, 99, ഇതൊരു ഫോൺ നമ്പറല്ല" എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണമാണ് അദ്ദേഹം ഈ അക്കങ്ങളിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും രംഗത്ത് എത്തി. 99ന് ശേഷം 35 എന്ന് രേഖപ്പെടുത്തിയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

98 68 91 99 35, തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിൻ്റെ മാന്ത്രിക സംഖ്യയും എന്നായിരുന്നു ബല്‍റാമിന്റെ കുറിപ്പ്. 35 സീറ്റുകളെ 2026 ല്‍ പരമാവധി നേടാനാകൂ എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്കൊണ്ട് ലക്ഷ്യമാക്കിയത്.

ഏതായാലും രണ്ട് നേതാക്കളുടെ പോസ്റ്റുകൾക്കടിയിലും രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. കണക്കുകൾ നിരത്തിയും വികസനങ്ങൾ നിരത്തിയും യുഡിഎഫ്, എൽഡിഎഫ് അണികൾ ഏറ്റമുട്ടുന്നുണ്ട്. വയനാട് ക്യാമ്പിൽ കോൺഗ്രസ് 'മിഷൻ 100' എന്ന പേരിൽ 100 സീറ്റുകൾ ലക്ഷ്യമിടുമ്പോൾ, എൽഡിഎഫിന്റെ കരുത്ത് ഈ അക്കങ്ങളിലുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് എം.എം മണി നൽകുന്നത്. അതേസമയം വയനാട് വിശാല നേതൃസംഗമത്തിൽ തയ്യാറാക്കിയ രാഷ്ട്രീയ രൂപരേഖയും തന്ത്രങ്ങളുമായി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപേ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

തദ്ദേശ ഫലമനുസരിച്ച് 80 മണ്ഡലങ്ങളിൽ യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ട്. ബാക്കി 20 മണ്ഡലങ്ങൾകൂടി പിടിച്ചെടുക്കാനുള്ള മൈക്രോ-ലെവൽ പ്ലാനിങ്ങാണ് നടക്കുന്നത്.


TAGS :

Next Story