പിണറായിയുടെ വ്യക്തിപരമായ ആവശ്യങ്ങൾ കേന്ദ്രത്തിൽ നിന്ന് നേടിക്കൊടുക്കുന്ന ആളാണ് വെള്ളാപ്പള്ളി; അതുകൊണ്ടാണ് അദ്ദേഹം പറയുന്ന എല്ലാ അസംബന്ധവും മൗനംകൊണ്ട് അനുവദിക്കുന്നത്: എം.എൻ കാരശ്ശേരി
സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുന്ന ഒരാളെ മുഖ്യമന്ത്രി കാറിൽ കയറ്റി കൊണ്ടുപോകുന്നത് ഒരു പ്രതീകമാണെന്നും കാരശ്ശേരി പറഞ്ഞു

- Published:
22 Feb 2026 7:39 AM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ ആവശ്യങ്ങൾ കേന്ദ്രത്തിൽ നിന്നും ബിജെപിയിൽ നിന്നും നേടിക്കൊടുക്കുന്നവരിൽ ഒരാളുടെ പേരാണ് വെള്ളാപ്പള്ളി നടേശനെന്ന് എം.എൻ കാരശ്ശേരി. അതുകൊണ്ടാണ് വെള്ളാപ്പള്ളി പറയുന്ന എല്ലാ അസംബന്ധവും മുഖ്യമന്ത്രി മൗനംകൊണ്ട് അനുവദിക്കുന്നത്. പിണറായിക്ക് എന്ത് സഹായമാണ് ലഭിച്ചതെന്ന് തനിക്കറിയില്ല. ഇത്തരത്തിൽ പല ആരോപണങ്ങളുമുണ്ടെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി.
താമരശ്ശേരി ബിഷപ്പ് മത്തായി ചാക്കോയെ കുറിച്ച് പറഞ്ഞപ്പോൾ പിണറായി ക്ഷോഭിച്ചത് നമ്മളെല്ലാം കണ്ടതാണ്. എന്നാൽ പിണറായി ഭക്തനാണെന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പറഞ്ഞപ്പോൾ മുഖ്യമന്ത്രി മിണ്ടിയില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം ജനങ്ങളുടെ പണംകൊണ്ട് വാങ്ങിയതാണ്. അതിൽ ആര്, എപ്പോൾ കയറണമെന്ന് പറയാൻ നമുക്കും അവകാശമുണ്ട്.
വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മക്കൾ നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. വെള്ളാപ്പള്ളിക്ക് കാറുണ്ടോ എന്നതല്ല വിഷയം. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുന്ന ഒരാളെ മുഖ്യമന്ത്രി കാറിൽ കയറ്റി കൊണ്ടുപോകുന്നത് ഒരു പ്രതീകമാണെന്നും കാരശ്ശേരി പറഞ്ഞു.
Adjust Story Font
16
