പിണറായിയും തരൂരും ഇൻഡ്യ അലയൻസിന്റെ നെടുംതൂൺ എന്ന് മോദി; നമ്മുടെ എയർലൈൻസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ആവശ്യമായ ശ്രദ്ധ നൽകണമെന്ന് പരിഭാഷകൻ
ഈ പരിപാടി പലരുടെയും ഉറക്കം കെടുത്തുമെന്നും മോദി പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടത്തിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തി പരിഭാഷകൻ. പിണറായി ഇൻഡ്യാ സഖ്യത്തിന്റെ നെടുംതൂൺ ആണ്, ശശി തരൂരും ഇവിടെയുണ്ട്. ഈ പരിപാടി പലരുടെയും ഉറക്കം കെടുത്തുമെന്നായിരുന്നു മോദി പറഞ്ഞത്.
ഇൻഡ്യ അലയൻസ് എന്നത് എയർലൈൻസ് എന്നാണ് പരിഭാഷകൻ കേട്ടത്. നമ്മുടെ എയർലൈൻസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ആവശ്യമായ ശ്രദ്ധ നൽകണമെന്നായിരുന്നു പരിഭാഷ.
അദാനി ഗുജറാത്തിലേക്കാൾ വലിയ തുറമുഖം വിഴിഞ്ഞത്ത് നിർമിച്ചു എന്ന് പറഞ്ഞാണ് മോദി രാഷ്ട്രീയ പ്രസ്താവനയിലേക്ക് പ്രവേശിച്ചത്. മുഖ്യമന്ത്രിയോട് ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു തുടക്കം. 'മുഖ്യമന്ത്രിയോട് ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നു. താങ്കൾ ഇൻഡ്യാ മുന്നണിയുടെ പ്രധാനപ്പെട്ട തൂണാണ്. ഇവിടെ ശശി തരൂരും ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ പരിപാടി പലരുടേയും ഉറക്കം കെടുത്തും' അദ്ദേഹം ചൂണ്ടിക്കാട്ടി.
അദാനി തങ്ങളുടെ പങ്കാളിയെന്ന മന്ത്രി വാസവന്റെ പ്രസ്താവനയും മോദി രാഷ്ട്രീയ ആയുധമാക്കി. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു. ഇതാണ് മാറ്റമെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
Adjust Story Font
16

