സിനിമാമേഖലയെ വ്യവസായമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; ബജറ്റില്‍ പ്രതികരിച്ച് മോഹന്‍ലാല്‍
മുഖ്യമന്ത്രി വി.ഡി സതീശനും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിനും മോഹന്‍ലാല്‍ നന്ദി അറിയിച്ചു

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍. പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാരിന്റെ ഈ തീരുമാനം സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഈ പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി സതീശനും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിനും മോഹന്‍ലാല്‍ നന്ദി അറിയിക്കുകയും ചെയ്തു.
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും സര്‍ക്കാരിന് നന്ദി അറിയിച്ചു. ജെ.സി ഡാനിയലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്‍ക്കുന്ന ഒരാളെന്നെ നിലയില്‍ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.
ആന്റി പൈറസി സെല്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഇത് സിനിമാമേഖലക്ക് ഒരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാമെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ബജറ്റില്‍ സിനിമാമേഖലയുടെ വികസനവും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്. കൊച്ചിയില്‍ ജെ.സി ഡാനിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റിയും കോഴിക്കോട് എം.ടി വാസുദേവന്‍ നായരുടെ പേരില്‍ സ്മാരക കള്‍ച്ചറല്‍ പാര്‍ക്കും സ്ഥാപിക്കും. ഫിലിം സിറ്റിക്കായി 100 കോടിയും കള്‍ച്ചറല്‍ പാര്‍ക്കിനായി 50 കോടിയും വകയിരുത്തി.
കള്‍ച്ചറല്‍ പാര്‍ക്കില്‍ ജെന്‍സി കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തൃശൂരില്‍ ജോണ്‍സണ്‍ മാഷിന്റെ പേരില്‍ മ്യൂസിക് കോളജും ഉമ്പായിയുടെ സ്മരണക്കായി മ്യൂസിക് അക്കാദമിയും തുടങ്ങും. കൂടാതെ നടന്‍ സലിംകുമാറിന്റെ പേരില്‍ സ്മാരകം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്മാരകം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി. മലബാര്‍ കേന്ദ്രീകരിച്ച് ബിനാലെയും സംഘടിപ്പിക്കും.
Adjust Story Font
16

