മോക്ഡ്രില്‍ അപകടമരണം: ദുരന്തനിവാരണ അതോരിറ്റിയുടെ വീഴ്ച്ച സമ്മതിച്ച് സബ്കലക്ടറുടെ റിപ്പോർട്ട്
മണിമലയാറ്റിലെ ചെളി നിറഞ്ഞ സ്ഥലമാണ് മോക്ഡ്രില്ലിനായി തെരഞ്ഞെടുത്തത്. എൻ.ഡി.ആർ.എഫിന്റെ നിർദേശ പ്രകാരം ആദ്യം തെരഞ്ഞെടുത്ത സ്ഥലം മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

പത്തനംതിട്ട: തിരുവല്ലയിൽ മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ ദുരന്തനിവാരണ അതോരിറ്റിയുടെ വീഴ്ച്ച സമ്മതിച്ച് സബ്കലക്ടറുടെ റിപ്പോർട്ട്. മണിമലയാറ്റിലെ ചെളി നിറഞ്ഞ സ്ഥലമാണ് മോക്ഡ്രില്ലിനായി തെരഞ്ഞെടുത്തത്. എൻ.ഡി.ആർ.എഫിന്റെ നിർദേശ പ്രകാരം ആദ്യം തെരഞ്ഞെടുത്ത സ്ഥലം മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ വകുപ്പുകളുടെയും സേനകളുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ കലക്ടർ മുഖ്യമന്ത്രിക്ക് കൈമാറി
ഡിസംബർ 29 ന് രാവിലെ ഒമ്പതരയോടെയാണ് ബിനു അപകടത്തിൽപ്പെടുന്നത്. ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ കീഴിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മോക്ഡ്രില്ലിനിടെയായിരുന്നു അപകടം. പ്രദേശവാസികളായ നാല് യുവാക്കളോട് മണിമലയാറ്റിൽ ചാടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിനു അടക്കം നീന്തലറിയാവുന്ന നാല് യുവാക്കൾ വെള്ളത്തിലിറങ്ങിയത്. എന്നാൽ മറുവശത്തേക്ക് നീന്തുന്നതിനിടെ ബിനു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.
ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഡിങ്കി ബോട്ടുകളിൽ എഞ്ചിൻ ഘടിപ്പിച്ച് ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും ഇരുപത് മിനിറ്റോളമെടുത്തു. 45 മിനിറ്റോളം വെള്ളത്തിൽ മുങ്ങിക്കിടന്നതിന് ശേഷമാണ് ബിനുവിനെ പുറത്തെടുക്കാനായത്. ജീവനില്ലാത്ത നിലയിലായിരുന്നു ബിനുവിന്റെ ശരീരം പുറത്തെടുത്തതെന്നാണ് സുഹൃത്തുക്കൾ അറിയിക്കുന്നത്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ നേരിയ തോതിൽ പൾസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് രണ്ട് തവണ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് ആംബുലൻസുണ്ടായിരുന്നെങ്കിലും ഇതിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ ആരോപണം
Adjust Story Font
16

