Quantcast

ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുന്നു, മുന്നറിയിപ്പ് 24 മണിക്കൂര്‍ കൂടി: മുഖ്യമന്ത്രി

കാലവർഷം മെയ് 31ന് സംസ്ഥാനത്തെത്തും

MediaOne Logo

Web Desk

  • Published:

    15 May 2021 2:04 PM GMT

ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുന്നു, മുന്നറിയിപ്പ് 24 മണിക്കൂര്‍ കൂടി: മുഖ്യമന്ത്രി
X

ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് മാറിയെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുകയാണെന്ന് മുഖ്യമന്ത്രി. 24 മണിക്കൂർ കൂടി മുന്നറിയിപ്പ് തുടരും. കാലവർഷം മെയ് 31-ന് സംസ്ഥാനത്തെത്തും.

കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്ത് ശരാശരി 145.5 മില്ലി മീറ്റർ മഴ ലഭിച്ചു. വടക്കൻ ജില്ലകളിൽ ഇന്ന് രാത്രിയും ശക്തമായ കാറ്റ് തുടരും. മണിമലയാർ, അച്ചൻകോവിൽ എന്നിവിടങ്ങളിൽ വലിയ പ്രളയഭീതിയുടെ സാഹചര്യമില്ല. എന്നാൽ മഴ തുടർന്നാൽ അപകടകരമാകാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടൽക്ഷോഭം തീരദേശത്ത് വലിയ പ്രതിസന്ധിയുണ്ടാക്കി. 9 ജില്ലകളെ കടലാക്രമണം ബാധിച്ചു. കേരളത്തിന്റെ തീരം സുരക്ഷിതമല്ലാതായി കൊണ്ടിരിക്കുന്നുവെന്നത് ഗൗരവമായി കാണണം. കടൽഭിത്തി നിർമിക്കുന്നത് മാത്രം ശാശ്വത പരിഹാരമാകില്ല. കടൽക്ഷോഭം കുറച്ച് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിക്ഷോഭത്തിൽ ഇതുവരെ രണ്ട് മരണമുണ്ടായി. എറണാകുളം, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർ മുങ്ങിമരിച്ചു. ജലാശയത്തിലിറങ്ങുന്നതും നദി മുറിച്ച് കടക്കുന്നതും ഒഴിവാക്കണം. 68 ക്യാമ്പുകളിലായി 1934 ആളുകളാണ് താമസിക്കുന്നത്. കോവിഡ് ആശങ്ക കാരണം ക്യാമ്പിലേക്ക് മാറാതിരിക്കരുത്. സുരക്ഷിതമായി ക്യാമ്പ് നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ക്യാമ്പുകളിൽ കോവിഡ് ടെസ്റ്റ് നടത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story