മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് വയോധികൻ മരിച്ചതിൽ സീരിയൽ താരത്തിനെതിരെ കൂടുതൽ വകുപ്പുകൾ
സംഭവത്തിൽ കോട്ടയം ചിങ്ങവനം പൊലീസാണ് കേസ് എടുത്തത്.

കോട്ടയം: മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.
സംഭവത്തിൽ കോട്ടയം ചിങ്ങവനം പൊലീസാണ് കേസ് എടുത്തത്. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
അതേസമയം, മരിച്ച തമിഴ്നാട് സ്വദേശി തങ്കരാജിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ലോട്ടറി തൊഴിലാളിയായ തങ്കരാജ് (60) ഇന്നലെ വൈകീട്ടാണ് മരിച്ചത്. ക്രിസ്മസിന്റെ തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
ഡിസംബർ 24ന് വൈകീട്ട് നാട്ടകം ഗവ. കോളജിന് സമീപത്താണ് സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു.
Adjust Story Font
16

