മുനമ്പത്തെ കൂടുതൽ താമസക്കാർ ഇന്ന് കരം അടയ്ക്കും
കുഴുപ്പിള്ളി വില്ലേജിലാണ് കരമടയ്ക്കുക

Photo| MediaOne
കൊച്ചി: ഹൈക്കോടതി നിർദേശം സർക്കാർ അംഗീകരിച്ചതോടെ മുനമ്പത്തെ കൂടുതൽ താമസക്കാർ ഇന്ന് കരം അടയ്ക്കും. കുഴുപ്പിള്ളി വില്ലേജിലാണ് കരമടയ്ക്കുക. ഇന്നലെ ഏഴുപേരാണ് കരം അടച്ചത്.
ബാക്കിയുള്ളവർ ഇന്ന് കരവുമായി എത്തുമെന്ന് മുനമ്പം സമരസമിതി അറിയിച്ചു. കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നികുതി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശമാണ് മുനമ്പത്തുകാർക്ക് ആശ്വാസമായത്.
താല്‍ക്കാലിക അടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം നൽകിയത്. കേസുകളിലെ അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാമെന്നാണ് കോടതി നിർദേശം.
മുനമ്പത്തേത് വഖഫ് ഭൂമി അല്ല എന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിരീക്ഷണം. ഭൂമി ദാനമായി നൽകിയതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് മുനമ്പത്ത് താമസക്കാർ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. താൽക്കാലിക അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി നികുതി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് എന്ന നിർദേശം. വിഷയത്തിൽ വഖഫ് ട്രൈബ്യൂണലിൽ അടക്കം നിലനിൽക്കുന്ന കേസുകളുടെ അന്തിമ വിധിക്ക് വിധേയമായി മാത്രമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ വഖഫ് സംരക്ഷണ വേദിയുടെ ഹരജി നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഭൂമി വഖഫ് ആണോ എന്നത് സംബന്ധിച്ച് വഖഫ് ട്രൈബ്യൂണലിന്‍റെ വിധിയും വരാനുണ്ട്. ഇവയിലെ തീർപ്പിന് വിധേയമായിരിക്കും ഭൂനികുതി സ്വീകരിക്കാനുള്ള റവന്യൂ വകുപ്പിനുള്ള ഹൈക്കോടതി നിർദേശം.
മുനമ്പം സമരസമിതിക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സമരസമിതിയുമായി നേരത്തെ സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഈ സാഹചര്യത്തിലാണ് . റവന്യൂ അവകാശം സ്ഥാപിക്കാൻ ഇടപെട്ടത് സംസ്ഥാന സർക്കാരാണ്. കരം അടയ്ക്കാൻ അനുവദിക്കണം എന്നാണ് സർക്കാരും കോടതിയിൽ അറിയിച്ചത്.
കരം അടക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരാണ് . ഒരാളെപ്പോലും കുടിയിറക്കാൻ അനുവദിക്കില്ല എന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിയമപരമായ എല്ലാ അവകാശങ്ങളും സർക്കാർ സംരക്ഷിക്കും എന്നും വ്യക്തമാക്കിയിരുന്നു. കോടതി വിധിയെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാര്യങ്ങളും ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. സർക്കാർ നിലപാടിൽ സമരസമിതി പൂർണ തൃപ്തി അറിയിച്ചിരുന്നു. കപടമായ രീതിയിലോ വൈകാരികമായോ അല്ല സർക്കാർ നിലപാട് സ്വീകരിച്ചത്. കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

