'13000ത്തില്‍ അധികം പേര്‍ പുതിയതായി കോവിഡ് മരണക്കണക്കില്‍ ഉള്‍പ്പെട്ടു': കോവിഡ് കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി
വലിയൊരു സംഖ്യയാണ് സര്‍ക്കാര്‍ മൂടി വെച്ചത്. ഇത് എന്തിനാണ് മൂടി വെച്ചതെന്നും ചെയ്ത തെറ്റിന് സമൂഹത്തോട് മാപ്പ് പറയണമെന്നും കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കണക്കാക്കാനുള്ള സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോവിഡ് വന്ന ശേഷമുള്ള ഒരാളുടെ മരണം കോവിഡ് മൂലമല്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കോവിഡ് മരണനിരക്ക് കുറച്ച് കാണിച്ച സർക്കാർ സമൂഹത്തോട് മാപ്പ് പറയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സുപ്രീം കോടതി വിധി വന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ കോവിഡ് മരണം കുറവായിരിക്കുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കുറച്ച് പേര്‍ കോവിഡ് മരണങ്ങളെ കോവിഡ് മരണങ്ങളല്ലാതാക്കി കൊണ്ടിരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് ബാധിച്ച് ഏതെങ്കിലും അവയവത്തിന് തകരാര്‍ ബാധിച്ച് മരിക്കുന്നവരെ കോവിഡ് കാരണമല്ല മരണം, മറ്റുകാരണങ്ങളാണെന്ന് പറയുകയാണ്. ഇതിലെന്ത് ലോജിക്കാണുള്ളത്. കോവിഡ് മരണങ്ങളെ കോവിഡ് മരണങ്ങളല്ലാതാക്കി തീര്‍ക്കാന്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞു ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണ്. 13000ലധികം പേരാണ് പ്രതിപക്ഷ നേതാവ് പറയുന്നത് പ്രകാരം പുതിയതായി കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വലിയൊരു സംഖ്യയാണ് മൂടി വെച്ചത്. ഇത് എന്തിനാണ് മൂടി വെച്ചതെന്നും ചെയ്ത തെറ്റിന് സമൂഹത്തോട് മാപ്പ് പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കേരളം കോവിഡ് മരണം കുറഞ്ഞ സംസ്ഥാനമാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി കോവിഡ് മരണങ്ങളെ കോവിഡ് മരണങ്ങളല്ലാതെയാക്കി പ്രചാരണം നടത്തുന്നു. ഇതിലൂടെ ആനുകൂല്യങ്ങള്‍ നഷ്ടമായത് പാവങ്ങള്‍ക്കാണ്. കുടുംബനാഥന്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ നിരവധിയാണ്. കോവിഡ് ഏറ്റവും കൂടുതല്‍ വന്ന മലപ്പുറത്ത് പലരും അവഗണിക്കപ്പെട്ടു. വിദേശത്ത് മരിക്കുന്നവരെ കോവിഡ് കണക്കിലെടുക്കണമെന്ന് യു.ഡി.എഫ് ആദ്യമേ ആവശ്യപ്പെട്ടതാണ്. അതില്‍ നിര്‍ധനരായ നിരവധി പേരുണ്ട്. ഉപജീവനത്തിനായി വിദേശത്ത് പോയ കുടുംബനാഥന്‍ മരിച്ചുപോയാല്‍ മൃതദേഹം പോലും കുടുംബത്തിന് കാണാന്‍ സാധിക്കില്ല. അവരെയൊക്കെ പരിഗണിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വളരെ ഗൗരവമാര്‍ന്ന വിഷയമായിട്ടാണ് യു.ഡി.എഫ് ഇതിനെ കാണുന്നത്. ഇവര്‍ക്കൊക്കെ ആനുകൂല്യം കിട്ടാനും മുഴുവന്‍ കോവിഡ് കണക്കുകളും പുറത്തുവിടാനും യു.ഡി.എഫ് ശക്തമായി ആവശ്യപ്പെടും. നിയമസഭയില്‍ എം.കെ മുനീര്‍ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ വിഷയം ചര്‍ച്ച ചെയ്തതാണ്. അന്ന് പറഞ്ഞ കാര്യങ്ങളല്ല സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അന്ന് മരണങ്ങളുണ്ടായിട്ടില്ല, കോവിഡ് മൂലമുള്ള മരണങ്ങളല്ല എന്ന് വാദിക്കാനാണ് ഭരണകക്ഷിക്കാര്‍ ശ്രമിച്ചത്. ഇവിടെ കോവിഡ് മരണങ്ങള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും പ്രതിപക്ഷ ഇടപെടലും മാധ്യമ വാര്‍ത്തകളും വഴി ഇപ്പോള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായതായും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
Adjust Story Font
16

