'ഉമ്മച്ചീന്റെ കൈയീന്ന് വെള്ളം വാങ്ങി കുടിക്കണമെന്ന് പറഞ്ഞു, അവളെ അവന്‍ കൊന്നതാണ്..';ഹസ്നയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ മാതാവ്
മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ചിരുന്നുവെന്നും കഴുത്തിൽ കണ്ട മുറിവ് സംശയാസ്പദമാണെന്നും മാതാവ് മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്:താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനി ഹസ്നയുടെ മരണത്തിൽ കൂടെ താമസിച്ചിരുന്ന ആൺ സുഹൃത്തിനെതിരെ കുടുംബം. ഹസ്ന ആത്മഹത്യ ചെയ്തതല്ലെന്നും സുഹൃത്ത് ആദിൽ കൊലപ്പെടുത്തിയതാണെന്നും ഹസ്നയുടെ മാതാവ് ആരോപിച്ചു. മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ചിരുന്നുവെന്നും കഴുത്തിൽ കണ്ട മുറിവ് സംശയാസ്പദമാണെന്നും മാതാവ് പറഞ്ഞു.കൈതപ്പൊയിലിലെ അപ്പാർട്ട്മെൻ്റിലാണ് ഹസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
'കഴിഞ്ഞമാസം 30 ന് എന്നെ 11 മണിയാകുന്ന സമയത്ത് വിളിച്ചിരുന്നു. ഉമ്മച്ചിയുടെ അരികത്ത് എനിക്ക് 10 മിനിറ്റ് നില്‍ക്കണം. ഉമ്മച്ചീന്റെ കൈയിന്ന് വെള്ളം വാങ്ങി കുടിക്കണമെന്ന് പറഞ്ഞു. അഞ്ചുമണി ആകുമ്പോഴേക്കും ബാലുശേരി എത്തണമെന്ന് പറഞ്ഞു.പണിയൊക്കെ കഴിഞ്ഞ് ഞാൻ വീട്ടിന്നിറങ്ങി.വീണ്ടും വിളിച്ചപ്പോൾ അവൾ കരയുകയായിരുന്നു. ഉമ്മ ഇനി വരണ്ടാ എന്നാണ് അവള് പറഞ്ഞത്.പത്തുമിനിറ്റ് നേരം ഫോൺ കട്ടാക്കാതെ കരഞ്ഞു. എന്റെ മോനെ നന്നായി നോക്കണമെന്ന് പറഞ്ഞായിരുന്നു കരഞ്ഞത്. പിന്നെ ഫോൺ കട്ടായി. മൂന്ന് തവണ തിരിച്ചുവിളിച്ചിട്ടും കിട്ടിയില്ല. ഞാൻ ജീവിച്ച് കാണിക്കുമെന്ന് പറഞ്ഞയാളാണ് അവൾ. അവനാണ് ഹസ്ന മരിച്ച കാര്യം ഞങ്ങളെ വിളിച്ച് പറഞ്ഞത്. കഴുത്തിൽ മുറിവുണ്ടായിരുന്നു. എന്റെ മോളെ അവൻ കൊന്നതാണെന്നാണ് എനിക്ക് ഉറപ്പാണ്.എന്റെ മകൾ അനുഭവിച്ചത് ആരും അനുഭവിക്കരുത്..വേറൊരു പെൺകുട്ടിക്കും ഇനി ഈ ഗതി വരരുത്'.ഹസ്നയുടെ ഉമ്മ പറഞ്ഞു.
അതിനിടെ, ഹസ്നയുടെ ശബ്ദസന്ദേശവും പുറത്ത് വന്നിരുന്നു. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.
'എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പൊലീസിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടും'- ശബ്ദസന്ദേശത്തിൽ പറയുന്നു.
ഈ മാസം ഒന്നിന് രാവിലെയാണ് 34കാരി ഹസ്നയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായിരുന്ന ഹസ്ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പമായിരുന്നു താമസം. ആദിലിന്റെ ലഹരിയിടപാടും ക്രിമിനൽ പശ്ചാത്തലവും നാട്ടുകാരും കുടുംബവും പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Adjust Story Font
16

