Quantcast

എംഎസ്‌സി എല്‍സ- 3 കപ്പലപകടത്തിന് പിന്നാലെ പിടിച്ചുവെച്ച എംഎസ്‌സി അകിറ്റേറ്റ- 2 കപ്പൽ വിട്ടയച്ചു

മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി നൽകിയ ബാങ്ക് ഗ്യാരന്‍റിയുടെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്

MediaOne Logo

Web Desk

  • Published:

    8 Jan 2026 8:43 PM IST

എംഎസ്‌സി എല്‍സ- 3 കപ്പലപകടത്തിന് പിന്നാലെ പിടിച്ചുവെച്ച എംഎസ്‌സി അകിറ്റേറ്റ- 2 കപ്പൽ വിട്ടയച്ചു
X

എറണാകുളം: എംഎസ്‌സി എല്‍സ- 3 കപ്പലപകടത്തില്‍ 1227 കോടി 62 ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ ഗ്യാരന്‍റി ആയാണ് തുക കെട്ടിവെച്ചത്. കപ്പല്‍ കമ്പനി നല്‍കിയ ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തില്‍ എംഎസ്‌സി അകിറ്റേറ്റ - 2 ഹൈക്കോടതി വിട്ടയച്ചു. 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അഡ്മിറാലിറ്റി സ്യൂട്ടിലെ വിധി അനുകൂലമായാല്‍ ബാങ്ക് ഗ്യാരന്‍റിയും പലിശ തുകയും സംസ്ഥാനത്തിന് ലഭിക്കും. ഹരജിയില്‍ ഹൈക്കോടതി ഫെബ്രുവരി 13ന് വിശദമായ വാദം കേള്‍ക്കും.

കപ്പല്‍ അപകടത്തെ തുടര്‍ന്ന് എണ്ണച്ചോര്‍ച്ച, പരിസ്ഥിതി മലിനീകരണം എന്നിവ ഉയര്‍ത്തിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഹരജി. മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ച ഉപജീവന മാര്‍ഗനഷ്ടം, കപ്പലിലെ കണ്ടൈനറുകളില്‍ നിന്ന് പുറംതള്ളിയ മാലിന്യം നീക്കം ചെയ്യല്‍ എന്നിവയും സര്‍ക്കാര്‍ വാദമായി ഉയര്‍ത്തിയിരുന്നു. 2025 മെയ് 24നാണ് കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ എംഎസ്‌സി എല്‍സ- 3 കപ്പല്‍ അപകടത്തില്‍പ്പെട്ടത്.

TAGS :

Next Story