'കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ പാർട്ടി കോട്ടകളുടെ പേരെഴുതിയ മുറികൾ, കൊടികെട്ടിയ ജില്ലാ കമ്മിറ്റി ഓഫീസും'; ആരോപണവുമായി എംഎസ്എഫ്
ഹോസ്റ്റലുകളിൽ മറ്റ് വിദ്യാർഥി സംഘടനകളിലെ അംഗങ്ങൾക്ക് പ്രവേശനം പോലും നിഷേധിക്കപ്പെടുകയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ പറഞ്ഞു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ വിദ്യാർഥി ഹോസ്റ്റലുകൾ എസ്എഫ്‌ഐ കയ്യടക്കി പാർട്ടി കോട്ടകളും ഇടിമുറികളുമാക്കുകയാണെന്ന ആരോപണവുമായി എംഎസ്എഫ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ഹോസ്റ്റലുകളിൽ മറ്റ് വിദ്യാർഥി സംഘടനകളിലെ അംഗങ്ങൾക്ക് പ്രവേശനം പോലും നിഷേധിക്കപ്പെടുകയാണെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ പ്രസ്താവനയിൽ പറഞ്ഞു.
ഹോസ്റ്റൽ മുറികളിൽ ജില്ലാ കമ്മിറ്റി ഓഫിസുകളുടെയും കണ്ണൂരിലെ പാർട്ടി കോട്ടകളുടെയും പേരുകൾ എഴുതി കൊടികെട്ടി കയ്യേറിയിരിക്കുകയാണ്. മൃഗീയ ഭൂരിപക്ഷമുള്ള ഇടങ്ങളിലെല്ലാം ആയുധശേഖരങ്ങളും ഒളിത്താവളങ്ങളും ഇടിമുറികളും ഉണ്ടാക്കുന്ന എസ്എഫ്‌ഐയുടെ പ്രവർത്തന ശൈലി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർഥിയെ വധിക്കാൻ ശ്രമിച്ച കേസിൽ സർവകലാശാല പുറത്താക്കിയ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും, വധശ്രമക്കേസിൽപ്പെട്ട് യൂണിയൻ ഉദ്ഘാടനം നടത്താനാകാതെ മാസങ്ങളോളം ഒളിവിൽപോയ ഡിഎസ്‌യു ചെയർമാനും അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും ഷറഫുദ്ദീൻ പിലാക്കൽ കുറ്റപ്പെടുത്തി.
ഏകാധിപത്യ മനോഭാവം ഉപേക്ഷിച്ച്, സ്വന്തം സംഘടനയുടെ കൊടിയിൽ ആലേഖനം ചെയ്തിരിക്കുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മൂല്യങ്ങളോട് നീതിപുലർത്തി എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ പ്രവർത്തനം നടത്താൻ എസ്എഫ്‌ഐ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16

