Quantcast

'കപട സദാചാരവാദികൾ'; മണ്ണാർക്കാട്ടെ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സഖ്യത്തിനെതിരെ എംഎസ്എഫ് നേതാവ്

എസ്എഫ്ഐ മുൻ സെക്രട്ടറി പി.എം ആർഷോ ആണ് ഈ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ മുഖ്യ സൂത്രധാരൻ എന്നും എംഎസ്എഫ് നേതാവ് സി.കെ നജാഫ് ആരോപിക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2025-10-10 05:58:03.0

Published:

10 Oct 2025 11:22 AM IST

MSF leader against sfi-fraternity alliance in Mannarkkad Kallady MES College
X

പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളജിലെ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സഖ്യത്തിനെതിരെ എംഎസ്എഫ് നേതാവ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ എംഎസ്എഫിനെ തോൽപ്പിക്കാൻ എസ്എഫ്ഐ വോട്ട് വാങ്ങിയത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റിയിൽ നിന്നാണെന്നും എസ്എഫ്ഐയുടെ മുൻ സെക്രട്ടറി പി.എം ആർഷോ ആണ് ഈ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ മുഖ്യ സൂത്രധാരൻ എന്നതാണ് ഏറ്റവും കൗതുകമെന്നും എംഎസ്എഫ് നേതാവ് സി.കെ നജാഫ് ആരോപിക്കുന്നു.

ഇത്തരത്തിൽ എസ്എഫ്ഐ കേരളത്തിലെ നിരവധിയിടങ്ങളിൽ വിവിധ സംഘടനകളുമായി അടവുനയം സ്വീകരിച്ച് മുന്നോട്ട് പോകുന്നത് കാണാം. ഇത്രയും പച്ചയായ കപടന്മാരെ കേരളം വേറെ കണ്ടിട്ടുണ്ടോയെന്നും നജാഫ് ചോദിക്കുന്നു. തരാതരം വർ​ഗീയ കാർഡ് ഇറക്കി അധികാരം കിനാവ് നട്ടിരിക്കുന്ന പുതിയ എസ്എഫ്ഐയുടെ തരാതര നിലപാടിൽ മുമ്പ് ക്യാമ്പസ് ഫ്രണ്ടിന് വരെ യുയുസിമാരെ ഉണ്ടാക്കിക്കൊടുത്തവരാണ് ഈ എസ്എഫ്ഐ.

ഈ എസ്എഫ്ഐ എന്നിട്ട് ഇങ്ങനെ കേരളത്തിലെ വിദ്യാർഥികൾക്ക് കപട സദാചാരം പറഞ്ഞ് ഇനിയും മുന്നിലേക്ക് വരരുത് കപട സദാചാരവാദികളേ. നിങ്ങളെ ഇവിടുത്തെ ജെൻ-സി പിള്ളേർ വരെ ആട്ടിയിറക്കുകയാണ്- നജാഫ് പറയുന്നു.

അതേസമയം, കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വോട്ട് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന് കെഎസ്‍യു സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. യുയുസി, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി എന്നീ ജനറൽ സീറ്റുകളിൽ കെഎസ്‍യു മത്സരിക്കും, ബാക്കി മുഴുവൻ ജനറൽ സീറ്റുകളിലും എംഎസ്എസും മത്സരിക്കാം എന്നാണ് എംഎസ്എസ്- കെഎസ്‍യു സംസ്ഥാന നേതാക്കൾ ഉണ്ടാക്കിയ ധാരണ. ഒരു ജനറൽ സീറ്റിലേക്ക് പോലും കെഎസ്‍യു നോമിനേഷൻ നൽകിയില്ലെന്നും കെഎസ്‍യു സംസ്ഥാന നേതൃത്വം അറിയിച്ചു.

കോളജിൽ മുന്നണി മര്യാദ കെഎസ്‌യു പാലിച്ചില്ലെന്ന് എംഎസ്എഫ് ആരോപിച്ചിരുന്നു. അവസാന നിമിഷം കെഎസ്‌യു എസ്എഫ്ഐയുമായി ചേർന്ന് യൂണിയൻ അട്ടിമറിച്ചു. കെഎസ്‌യു രാഷ്ട്രീയ വ്യഭിചാരമാണ് നടത്തിയതെന്ന് എംഎസ്എഫ് നേതാവ് സഫ്‌വാൻ ആനുമൂളി പറഞ്ഞു. ജനറൽ ക്യാപ്റ്റൻ സീറ്റ് ഫ്രട്ടേണിറ്റിയും വിജയിച്ചു. ഫ്രറ്റേണിറ്റിയുടെ വോട്ട് വാങ്ങിയാണ് എസ്എഫ്ഐ വിജയിച്ചതെന്ന് ആരോപിക്കുന്ന എംഎസ്എഫ്, കെഎസ്‌യുകാർക്ക് രാത്രിയിലും പകലും പല നിലപാടാണെന്നും ശരത് ലാലിനോടും കൃപേഷിനോടും ഷുഹൈബിനോടും സാമാന്യനീതി കാണിക്കണമായിരുന്നുവെന്നും ആവശ്യപ്പെട്ടു.



TAGS :

Next Story