Quantcast

'പാർട്ടി പരിപാടി വിജയിപ്പിക്കാനല്ല കുട്ടികൾ സ്‌കൂളിൽ പോകുന്നത്': തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എംഎസ്‌എഫ് പ്രതിഷേധം

ഒരു സ്‌കൂളില്‍ നിന്ന് നൂറു മുതല്‍ 200 കുട്ടികളെ വീതം നവകേരള സദസിൽ എത്തിക്കണമെന്ന നിർദേശത്തിനെതിരെയായിരുന്നു പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    22 Nov 2023 10:13 AM GMT

msf protest
X

മലപ്പുറം: സ്കൂൾ വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കണമെന്ന നിർദേശത്തിനെതിരെ എംഎസ്എഫ് പ്രതിഷേധം. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഡിഇഒ യുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ എംഎസ്എഫ് ഉപരോധിച്ചു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ക്ലാസ് തടസ്സപ്പെടുത്തി കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് എം.എസ്.എഫ് മുന്നറിയിപ്പ് നൽകി. നവകേരള സദസിലേക്ക് സ്‌കൂള്‍ കുട്ടികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്കിയതിനെതിരെയായിരുന്നു പ്രതിഷേധം. എംഎസ്എഫിന്റെ സംസ്ഥാന- ജില്ലാ നേതാക്കൾ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചർച്ചക്കെത്തിയതായിരുന്നു എംഎസ്എഫ് നേതാക്കൾ. എന്നാൽ, കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാൽ പ്രതിനിഷേധത്തിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് മാറി. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് നേതാക്കളോട് തട്ടിക്കയറിയതെന്ന് എംഎസ്എഫ് ആരോപിച്ചു. സംഘർഷത്തിന് പിന്നാലെ എംഎസ്എഫ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേസമയം, കേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശം തങ്ങൾക്ക് നൽകിയിട്ടില്ലെന്നാണ് തിരൂരങ്ങാടി ഡിഇഒയുടെ വിശദീകരണം. ഹൈസ്കൂൾ വിഭാഗം പ്രധാന അധ്യാപകരെ അക്കാദമി കാര്യങ്ങൾ അറിയിക്കുന്നതിനായാണ് യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ നവകേരള സദസ്സിനെ കുറിച്ച് ചില പ്രധാന അധ്യാപകർ സംശയങ്ങൾ ഉന്നയിക്കുകയും അതിനു മറുപടി നൽകുകയുമാണ് ഉണ്ടായത്. മറുപടി മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ഡിഇഒ പറഞ്ഞു. എം എസ് എഫ് നൽകിയ വിശദീകരണക്കുറിപ്പിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു സ്‌കൂളില്‍ നിന്ന് നൂറു മുതല്‍ 200 കുട്ടികളെ വീതം നവകേരള സദസിൽ എത്തിക്കാനാണ് നിര്‍ദേശം നല്കിയതെന്നായിരുന്നു വിവരം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലായിരുന്നു നിര്‍ദേശം.

സിപിഎമ്മുകാരുടെ പാര്‍ട്ടി വിജയിപ്പിക്കാനല്ല വിദ്യാര്‍ത്ഥികളെ സ്‌കൂളിലും കോളേജിലും പോകുന്നതെന്നും പരാജയപ്പെട്ട നവകേരള സദസ് വിദ്യാര്‍ത്ഥികളെ വച്ച് വിജയിപ്പിക്കാനാണ് ശ്രമമെങ്കില്‍ അനുവദിക്കില്ലെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.

TAGS :

Next Story