'കൊലപാതകം ചെയ്തിട്ടില്ല'; രണ്ടാം ക്ലാസിൽ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദലി തിരികെ വന്നത് 10 വർഷത്തിന് ശേഷമെന്ന് സഹോദരൻ പൗലോസ്
'കൂടരഞ്ഞിയിലെ ആൾ മരിച്ചത് തോട്ടിലെ വെള്ളത്തിൽ വീണിട്ടാകാം'

കോഴിക്കോട്: നാൽപത് വർഷം മുമ്പ് രണ്ടുപേരെ കൊലപ്പെടുത്തിയതായി ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണി (56) ആരെയും കൊന്നിട്ടില്ലെന്നും രണ്ടാം ക്ലാസിൽ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദലി തിരികെ വന്നത് 10 വർഷത്തിന് ശേഷമാണെന്നും ജ്യേഷ്ഠൻ പൗലോസ്.
മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങളായിരിക്കാം എന്ന് പൗലോസ് പറഞ്ഞു. കൂടരഞ്ഞിയിലെ ആൾ മരിച്ചത് തോടിലെ വെള്ളത്തിൽ വീണിട്ടാകാമെന്നും കോഴിക്കോട് വെള്ളയിലും കൊലപാതകം ചെയ്തെന്ന വെളിപ്പെടുത്തൽ അറിയില്ലെന്നും പൗലോസ് കൂട്ടിച്ചേർത്തു.
1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസിൽ മുഹമ്മദലി നൽകിയ ഒരു മൊഴി.
1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടിൽ 20 വയസ്സ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിട്ടുണ്ട്.
സംഭവശേഷം വർഷങ്ങൾ കഴിഞ്ഞ് കൂടരഞ്ഞിയിൽ നിന്ന് വിവാഹിതനായെങ്കിലും ഭാര്യ ഉപേക്ഷിച്ചു. തുടർന്ന് മലപ്പുറത്തേക്ക് താമസം മാറുകയും അവിടെ നിന്ന് മറ്റൊരു വിവാഹം കഴിച്ച് മതം മാറി വേങ്ങരയിൽ താമസമാക്കുകയായിരുന്നെന്ന് പൗലോസ് പറഞ്ഞു.
Adjust Story Font
16

