കൊച്ചി കോർപ്പറേഷനിൽ 6557 ഇരട്ട വോട്ടുകൾ: മുഹമ്മദ് ഷിയാസ്
കൊച്ചി കോർപ്പറേഷൻ, തൃപ്പുണിത്തുറ, കളമശേരി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടികയും, കോർപ്പറേഷൻ വോട്ടർ പട്ടികയും പരിശോധിച്ചതിലാണ് ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു

Muhammed Shiyas | Photo | Facebook
കൊച്ചി: കൊച്ചിയിൽ ആറായിരത്തിലധികം ഇരട്ട വോട്ടെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ കൊച്ചി നഗര പരിധിയിൽ മാത്രം 6557 ഇരട്ട വോട്ട് കണ്ടെത്തി. കൊച്ചി കോർപ്പറേഷൻ പരിധിയിലെ 12 ലക്ഷത്തിലധികം വോട്ടുകൾ പരിശോധിച്ചപ്പോൾ ആണ് 6557 ഇരട്ട വോട്ട് കണ്ടെത്തിയതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ, തൃപ്പുണിത്തുറ, കളമശേരി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടികയും, കോർപ്പറേഷൻ വോട്ടർ പട്ടികയും പരിശോധിച്ചതിലാണ് ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയത്. 1208456 വോട്ടുകളിൽ 130022 വോട്ടുകൾ സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കോർപ്പറേഷൻ വോട്ടർ പട്ടികയിലുള്ള അതേ പേരും, അഡ്രസ്സും , വീട്ടു നമ്പരും അടക്കം സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ട്. ഇത്തരത്തിലുള്ള 6557 ഇരട്ടവോട്ടുകളുടെ പട്ടിക ജില്ലാ കലക്ടർക്കും, തിരഞ്ഞെടുപ്പ് കമ്മീഷനും നൽകുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.
ജില്ലയിൽ മുൻ കാലങ്ങളിൽ പല തിരഞ്ഞെടുപ്പുകളിലും ചില വാർഡുകളിൽ ചുരുങ്ങിയ വോട്ടുകൾക്കാണ് യുഡിഎഫ് പരാജയപ്പെട്ടത്. ആ സാഹചര്യത്തിൽ ഇത്തരം ഇരട്ട വോട്ടുകൾ എത്തിച്ച് സിപിഎം നടത്തുന്ന കള്ളവോട്ട് അവസാനിപ്പിക്കാൻ ഇക്കാര്യത്തിൽ കൃത്യവും നീതിയുക്തവുമായ അന്വേഷണം ആവശ്യമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇത് സംബന്ധിച്ച് കമ്മീഷനും, ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ഇനി കൂട്ടിച്ചേർക്കൽ പട്ടിക പുറത്തു വരാനുണ്ട്, അത് പരിശോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.ആർ അഭിലാഷ്, ആന്റണി കുരീത്തറ, ആന്റണി പൈനുതറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16

