Quantcast

മുനമ്പം വഖഫ്; ഹൈക്കോടതി നിരീക്ഷണം പരിധി വിട്ട കളി: ഐഎൻഎൽ

ദൂരവ്യാപക പ്രത്യാഘാതമുള്ള കോടതി വിധി ആശങ്കാജനകമാണെന്നും വഖഫുകളുടെ സംരക്ഷണം അവതാളത്തിലാക്കുമെന്നും ഐഎൻഎൽ

MediaOne Logo

Web Desk

  • Published:

    12 Oct 2025 1:05 PM IST

Support for Israel is anti-national, says INL
X

Photo|Special Arrangement

കോഴിക്കോട്: മുനമ്പം വഖഫ് വിഷയത്തിൽ ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ പരിധി വിട്ടതും വഖഫുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലെ കോടതികൾ വെച്ചുപുലർത്തുന്ന മുൻവിധിയോടെയുള്ള സമീപനം കേരളത്തിലേക്കും കടത്തിക്കൊണ്ടുവരുന്നതാണെന്നും ഐഎൻഎൽ സംസ്ഥാന പ്രവർത്തക സമിതി. മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്ന് പരിശോധിക്കലല്ല, മറിച്ച് വർഷങ്ങളായി അവിടെ താമസിക്കുന്നവരുടെ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് വസ്തുതാന്വേഷണം നടത്താനാണ് ജുഡീഷ്യൽ കമീഷനെ നിയോഗിച്ചതെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയതാണ്. എന്നിട്ടും വിവാദ ഭൂമി വഖഫ് അല്ലെന്നും ദാനാധാരത്തിലൂടെ കിട്ടിയതാണെന്നും തീർപ്പ് കൽപിച്ച ചീഫ് ജസ്റ്റീസ് എസ്.എ ധർമാധികാരി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വഖഫുകളെ കുറിച്ച് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്ന അവഹേളനപരമായ നിരീക്ഷണങ്ങൾ നടത്തിയത് മതേതര വിശ്വാസികളെ ആശങ്കാകുലരാക്കുന്നുണ്ടെന്ന് ഐഎൻഎൽ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

മുനമ്പത്തെ വിവാദഭൂമിയിൽ താമസിക്കുന്ന 600 കുടുംബങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന വഖഫ് ബോർഡ് നടത്തിയതെന്നും ഇക്കണക്കിന് പോയാൽ ഭാവിയിൽ ഏതെങ്കിലുമൊക്കെ രേഖകൾ വെച്ച് താജ്മഹലോ ചെങ്കോട്ടയോ നിയമസഭ മന്ദിരമോ ഹൈക്കോടതി പോലും വഖഫ് സ്വത്തായി ചിത്രീകരിച്ചു കൂടായ്കയില്ലെന്നുമാണ് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരിക്കുന്നത്. ദൂരവ്യാപക പ്രത്യാഘാതമുള്ള കോടതി വിധി ആശങ്കാജനകമാണെന്നും വഖഫുകളുടെ സംരക്ഷണം അവതാളത്തിലാക്കുമെന്നും ഐഎൻഎൽ അഭിപ്രായപ്പെട്ടു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫിന്റെ വികസന വിരുദ്ധ, സംഘ്പരിവാർ അനുകൂല നിഷേധാത്മക രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി കാമ്പയിൻ നടത്താൻ തീരുമാനിച്ചു. ജന.സെക്രട്ടറി കാസിം ഇരിക്കുർ സ്വാഗതം പറഞ്ഞു. എം.എ ലത്തീഫ് നന്ദി പറഞ്ഞു.

TAGS :

Next Story