'എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീർക്കാൻ ഭീരുക്കൾ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങൾ നടത്തുന്നു...'; എമ്പുരാൻ വിവാദത്തിൽ മുരളി ഗോപി
മാർച്ച് 27-ന് പുറത്തിറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ എമ്പുരാനെതിരെ സംഘ്പരിവാർ രൂക്ഷമായ സൈബറാക്രമണം നടത്തിയിരുന്നു.

എമ്പുരാൻ വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എഴുത്തുകാരനും സംവിധായകനുമായ പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് മുരളി ഗോപി സമകാലിക സമൂഹത്തിലെ അസഹിഷ്ണുതക്കും സൈബറാക്രമണത്തിനും എതിരെ വിമർശനമുന്നയിച്ചത്.
എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീർക്കാൻ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കൾ കീബോർഡിന്റെ വിടവുകളിൽ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങൾ നടത്തുന്ന കാലമാണിതെന്ന് ലേഖനത്തിൽ പറയുന്നു. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായി മാറിയെന്നും രാഷ്ട്രീയ ശരികളുടെ പ്ലാസ്റ്റിക് കയറുകൾകൊണ്ട് നൈസർഗികതയെ വരിഞ്ഞുമുറുക്കി കൊല്ലുകയാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
''ഇന്ന്, പി. പത്മരാജന്റെ 80-ാം ജന്മവാർഷികം. 1991-ൽ, മുതുകുളത്തുള്ള അദ്ദേഹത്തിന്റെ തറവാട്ടിൽ ആയുസ്സാറാതെ വിടവാങ്ങിയ ആ വലിയ എഴുത്തുകാരന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ, അവിടെ സന്നിഹിതരായിരുന്ന നൂറുകണക്കിനാളുകളിൽ ഒരുവനായിരുന്നു ഞാനും. വലിയ വ്യസനത്തോടെ അന്ന് അവിടെ നിൽക്കുമ്പോൾ 19-കാരനായിരുന്ന ഞാൻ അനുശോചിച്ചത് അദ്ദേഹത്തിന് ദീർഘായുസ്സ് നൽകിയില്ലല്ലോ, പ്രപഞ്ചമേ... എന്ന നിഷ്‌കളങ്കമായ ഒരു ഉൾപരാതിയിലൂടെയായിരുന്നു. എന്നാൽ, ഇന്നെനിക്കാ പരാതിയില്ല.
ഇന്ന്, 80 വയസ്സുള്ള, ജീവിച്ചിരിക്കുന്ന പത്മരാജനെ എനിക്ക് സങ്കൽപിക്കുവാനേ കഴിയുന്നില്ല. വാർധക്യത്തിന്റെ വ്യാകുലതകളിൽപ്പെട്ടു മരിക്കേണ്ട ഒരാളല്ല അദ്ദേഹം എന്ന് ഇന്ന് ഞാനറിയുന്നു. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു 'മാധ്യമ'മായി മാറിയ ഇക്കാലത്ത്, എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ടു തീർക്കാൻ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കൾ കീബോർഡിന്റെ വിടവുകളിൽ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങൾ നടത്തുന്ന ഈ കാലത്ത്, 'രാഷ്ട്രീയ ശരി'കളുടെ പ്ലാസ്റ്റിക് കയറുകൾകൊണ്ട് നൈസർഗികതയെ വരിഞ്ഞു മുറുക്കിക്കൊന്ന് വികടനിരൂപണത്തിന്റെ പങ്കകളിൽ കെട്ടിത്തൂക്കുന്ന ഈ കാലത്ത്, അവിശുദ്ധരാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെപ്പോലും വില്ക്ക് വാങ്ങുന്ന ഇക്കാലത്ത്, പൊരുതിനിൽക്കാൻ ഒരു യൗവനം പോലുമില്ലാതെ, തീവ്രവിഷാദം ബാധിച്ച് പതിയെ ഉറഞ്ഞ് ഇല്ലാതാവുന്ന ഒരു വൃദ്ധനക്ഷത്രമായി അദ്ദേഹം മാറാതിരുന്നത് എന്തുകൊണ്ടും നന്നായി'- മുരളി ഗോപി കുറിച്ചു.
മാർച്ച് 27-ന് പുറത്തിറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ എമ്പുരാനെതിരെ സംഘ്പരിവാർ രൂക്ഷമായ സൈബറാക്രമണം നടത്തിയിരുന്നു. ബിജെപി നേതൃത്വവും സിനിമക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സിനിമ ബഹിഷ്കരിക്കാനും ആഹ്വാനമുണ്ടായിരുന്നു. സിനിമയുടെ പ്രമേയത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് എമ്പുരാനിലെ വിവാദമായ രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിൽ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ കുറിപ്പ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നെങ്കിലും തിരക്കഥാകൃത്തായ മുരളിഗോപി പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.
Adjust Story Font
16