Quantcast

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം: പ്രതി കാസർകോട്ട് കഞ്ചാവ് കേസിൽ അറസ്റ്റിൽ; തെളിവെടുപ്പ് വൈകും

കസ്റ്റഡിയിൽ കിട്ടാൻ നീക്കവുമായി കൊച്ചി പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-08-18 02:46:46.0

Published:

18 Aug 2022 1:22 AM GMT

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം: പ്രതി കാസർകോട്ട് കഞ്ചാവ് കേസിൽ അറസ്റ്റിൽ; തെളിവെടുപ്പ് വൈകും
X

കൊച്ചി: കാക്കനാട് ഫ്‌ളാറ്റ് കൊലപാതക കേസിലെ പ്രതി അർഷാദിനെ തെളിവെടുപ്പിനായി കൊച്ചിയിൽ എത്തിക്കുന്നത് വൈകും.നിലവിൽ കഞ്ചാവ് കേസിൽ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് തെളിവെടുപ്പ് വൈകുന്നത്.മാത്രമല്ല, കൊലപാതക കേസിൽ പ്രതിയുടെ അറസ്റ്റും ഇതുവരെ രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

കർണാടകയിലേക്ക് കടക്കുമെന്നറിഞ്ഞ് കൊച്ചി പൊലീസിന്റെ നിർദേശ പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് അർഷാദിനെ പിടികൂടിയത്. കഞ്ചാവും എംഡിഎംഎയും ആ സമയം പ്രതിയുടെ കൈവശമുണ്ടായിരുന്നു. അത് കണ്ടെത്തിയ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇതോടെ പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യവുമുണ്ടായി. കഞ്ചാവ് കേസിൽ പ്രതിയെ ഇന്നാണ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുക. ഇതോടെയാണ് കൊലക്കേസ് അന്വേഷിക്കുന്ന കൊച്ചി പൊലീസിന് പ്രതിയെ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ കഴിയാതെ വന്നത്.

കൊലപാതകം ചെയ്തത് അർഷാദാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇന്ന് റിമാന്റ് ചെയ്യപ്പെടുന്ന പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കൊച്ചിയിലെ കോടതി വഴി നീക്കം നടത്താനാണ് പൊലീസിന്റെ തീരുമാനം. കസ്റ്റഡിയിൽ കിട്ടിയാലുടൻ ചോദ്യം ചെയ്ത് അറസ്റ്റിലേക്ക് കടക്കും. വൈകാതെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നടപടികൾ ഇന്ന് തന്നെ ചെയ്യാനാണ് തീരുമാനം,

ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയുടെ കൊലപാതകം പുറത്തറിയുന്നത്. കൊല ചെയ്ത ശേഷം മുങ്ങിയ പ്രതി അർഷാദിനെ ഇന്നലെയാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുന്നത്. ലഹരിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോഴിക്കോട് പയ്യോളി സ്വദേശിയാണ് പ്രതി അർഷാദ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണക്കൊപ്പം താമസിച്ചിരുന്ന അർഷാദ് കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്നു. സജീവിന്റെതലക്കും കഴുത്തിലും നെഞ്ചിലുമുൾപെടെ ഇരുപതിലേറെ മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ളാറ്റിലാണ് സംഭവം. ശരീരമാസകലം കുത്തേറ്റ സജീവൻറെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്‌ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതക ശേഷം പൈപ്പ് ഡെക്റ്റിനിടയിലൂടെ മൃതദേഹം താഴേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ അത് പരാജയപ്പെട്ടു.

രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്‌ളാറ്റിലെ സഹതാമസക്കാർ വന്നുനോക്കുകയായിരുന്നു. ഫ്‌ളാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്‌ളാറ്റ് തുറക്കുകയും ആയിരുന്നു. രക്തക്കറ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് ഡക്റ്റിനിടയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.

അർഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്.

TAGS :

Next Story