സ്ഥാനാർഥി നിർണയം; കണ്ണൂരിലെ കോൺഗ്രസിൽ മുറുമുറുപ്പ് ശക്തമാകുന്നു
കെ.സുധാകരന്‍റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് അണികൾ പരസ്യമായി രംഗത്തെത്തിയതും കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്

കണ്ണൂര്‍: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കണ്ണൂരിലെ കോൺഗ്രസിൽ മുറുമുറുപ്പ് ശക്തമാകുന്നു. തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന പരസ്യ നിലപാടിലാണ് യൂത്ത് കോൺഗ്രസ്. കെ.സുധാകരന്‍റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് അണികൾ പരസ്യമായി രംഗത്തെത്തിയതും കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
തളിപ്പറമ്പിൽ സിപിഎമ്മിന് തലവേദനയായി രംഗത്തെത്തിയ ടി.കെ. ഗോവിന്ദനെതിരെ കടുത്ത നിലപാടാണ് കോൺഗ്രസിൻ്റെ പ്രാദേശിക നേതാക്കൻമാരും യൂത്ത് കോൺഗ്രസ് നേതൃത്വവും കൈക്കൊണ്ടിരിക്കുന്നത്. ഗോവിന്ദനെ പിന്തുണച്ചാൽ തളിപ്പറമ്പിൽ കൈവന്നിരിക്കുന്ന മുൻതൂക്കം ഇല്ലാതാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ രംഗത്തിറക്കിയാലെ അനുകൂല സാഹചര്യം മുതലാക്കാൻ സാധിക്കൂവെന്നും യൂത്ത് കോൺഗ്രസ് അടക്കം വാദിക്കുന്നത് . സിപിഎമ്മിനെ നന്നാക്കാൻ പുറപ്പെട്ട ഗോവിന്ദനെ പിന്തുണക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
ഇതിനൊപ്പം പയ്യന്നൂര് വി.കുഞ്ഞികൃഷ്ണനെതിരെയും കോൺഗ്രസ് നേതാക്കൾക്കിടയിൽ അമർഷമുണ്ട്. കെ.സുധാകരന് വേണ്ടി കണ്ണൂരിൽ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളും നേതൃത്വത്തിന് വലിയ തലവേദന ആയിട്ടുണ്ട്. സുധാകര അനുകൂലികളുടെ നീക്കങ്ങളെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ജില്ലാ നേതൃത്വം.
മുതിർന്ന നേതാക്കൻമാരായിരുന്ന വി.കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും സൃഷ്ടിച്ച പൊട്ടിത്തെറിയിൽ നിന്നും കരകയറാനുള്ള പെടാപ്പാടിലാണ് സിപിഎം. പാളയത്തിലെ പടയിൽ കുരുങ്ങിയതോടെ കോൺഗ്രസും വിഷമവൃത്തത്തിലാണ്.
Adjust Story Font
16

