വഖഫ് നിയമ ഭേദഗതി: മുസ്ലിം സ്ഥാപനങ്ങളുടെ സ്വത്തുക്കൾ പ്രതിസന്ധിയിലേക്ക്
ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കപ്പെടുന്നതോടെ ആ സ്വത്തിന് വഖഫിന്‍റെ പദവി നഷ്ടപ്പെടുന്നതാണ് ഏറ്റവും അപകടകരമായ വ്യവസ്ഥ

കൊച്ചി: വഖഫ് നിയമ ഭേദഗതി മുസ്ലിം സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്. ഏത് വഖഫിലും തർക്കമുന്നയിക്കപ്പെട്ടാല്‍ അത് വഖഫിന്‍റെ പരിധിയില്‍നിന്ന് മാറുന്നുവെന്ന അപകടകരമായ വകുപ്പാണ് ഏറ്റവും വലിയ ആശങ്ക. പിന്തുടർച്ചക്കാരില്ലാത്ത വിശ്വാസികള്‍ക്ക് തങ്ങളുടെ സ്വത്ത് കാലശേഷം വഖഫ് ചെയ്യാനാകാത്ത സ്ഥിതിതിയും രൂപപ്പെട്ടിട്ടുണ്ട്.
മസ്ജിദ്, ഖബർസ്ഥാന്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വഖഫ് സ്വത്തായി ഉപയോഗിച്ച് വരുന്ന ഒരു വസ്തുവില്‍ ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കപ്പെടുന്നതോടെ ആ സ്വത്തിന് വഖഫിന്‍റെ പദവി നഷ്ടപ്പെടുന്നതാണ് ഏറ്റവും അപകടകരമായ വ്യവസ്ഥ.
ലിമിറ്റേഷന്‍ ആക്ട്, മുസ്‍ലിംകളല്ലാത്തവരെ വഖഫ് ബോർഡില്‍ നിയമിക്കുന്നത് എന്നിവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുന്‍ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ആസഫലി പറഞ്ഞു. അഞ്ചുവർഷം തുടർച്ചയായി മതം ആചരിക്കുന്ന വ്യക്തിയുടെ വഖ്ഫിന് മാത്രമേ പരിരക്ഷ ലഭിക്കൂ എന്നത് വഖഫ് എന്ന ആശയത്തെ തന്നെ നിർവീര്യമാക്കുന്നതാണ്. വഖ്ഫുൽ ഔലാദ് എന്ന രീതിയും പുതിയ നിയമത്തോടെ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ഭേദഗതി ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായി മാറിയിട്ടുണ്ട്. രാജ്യസഭ ബില്ല് പാസ്സാക്കി രണ്ടു ദിവസത്തിനുള്ളിൽ ആണ് രാഷ്ട്രപതി വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്. പ്രതിപക്ഷത്തിൻ്റെയും മുസ്ലിം സംഘടനകളുടെയും പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട മുസ്ലിം ലീഗ് എംപിമാർ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.ബില്ല് നിയമമായതോടെ വഖഫ് ബോർഡുകളിൽ അടക്കം കാതലായ മാറ്റങ്ങൾ ഉണ്ടാകും.
അതേസമയം, വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ചു. കേരളത്തിൽ മലപ്പുറത്ത് ബോർഡ് പ്രതിഷേധ സംഗമം നടത്തും. കൂടാതെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്‌ന തുടങ്ങിയടങ്ങളിൽ പ്രതിഷേധം നടത്താൻ തീരുമാനിച്ചു. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് പ്രതിഷേധം ആരംഭിക്കുക. കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ ഇന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കും.
Adjust Story Font
16

