'മന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നത്';എം.ബി രാജേഷിനെതിരെ മുസ്‌ലിം ലീഗ്
മന്ത്രി എം.ബി രാജേഷിനെതിരെ നേരത്തെ ഫ്രഷ് കട്ട് വിരുദ്ധ സമരസമിതിയും വിമർശനമുന്നയിച്ചിരുന്നു

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ ആര്‍ക്കും പരാതിയില്ലെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ്. അമിതമായി മാലിന്യം സംസ്‌കരിക്കുന്നതും ദുര്‍ഗന്ധവും ഉള്‍പ്പെടെ ഫ്രഷ് കട്ട് പ്രവര്‍ത്തനത്തില്‍ പരാതി ഇപ്പോഴുമുണ്ട്. ഇന്നലെയും നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എം.എ റസാഖ് പറഞ്ഞു.
നേരത്തെ, മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ നടത്തിയ പ്രസ്താവനക്കെതിരെ ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ആരോപിച്ചിരുന്നു. വസ്തുതകള്‍ മറച്ചുവെച്ച് ബോധപൂര്‍വം സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ഫ്രഷ് കട്ട് ഉടമള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണെന്നും അദ്ദേഹത്തിന്‍റെ ഭാഷ ഫ്രഷ് കട്ട് ഉടമകളുടേത് പോലെയാണെന്നും സമരസമിതി നേതാവ് ഷിബു കുടുക്കില്‍ പറഞ്ഞിരുന്നു.
ഫ്രഷ് കട്ട് സംസ്‌കരണ പ്ലാന്റിലെത്തുന്ന മാലിന്യങ്ങള്‍ നിലവില്‍ 20 ടണ്‍ ആയി പരിമിതപ്പെടുത്തിയെന്നും നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കി കാര്യമായ പരാതികള്‍ക്കിടയില്ലാത്ത വിധം പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നുമായിരുന്നു മന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നത്. നവീകരണത്തിന് ശേഷം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് കാര്യമായ പുരോഗതിയുണ്ടായതായി സമരസമിതി തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ലീഗ് ജില്ലാ കമ്മിറ്റിയുടെയും സമരസമിതിയുടെയും പ്രതികരണം.
Adjust Story Font
16

