'വെള്ളാപ്പള്ളിക്ക് വര്‍ഗീയതയും വിഭാഗീയതയും പച്ചക്കള്ളവും പ്രചരിപ്പിക്കാന്‍ പിന്തുണ നല്‍കുന്നത് മുഖ്യമന്ത്രി': നജീബ് കാന്തപുരം
വെള്ളാപ്പള്ളിക്ക് സ്വീകാര്യത നൽകുന്നതിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിൽ പലർക്കും പങ്കുണ്ടെന്ന് നജ്മ തബ്ഷീറയും പ്രതികരിച്ചു

മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാക്കള്‍. വെള്ളാപ്പള്ളിക്ക് വര്‍ഗീയത പറയാന്‍ പിന്തുണ നല്‍കുന്നത് മുഖ്യമന്ത്രിയാണെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയെ തിരുത്താന്‍ ഒരാളും ധൈര്യം കാണിക്കുന്നില്ല. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ പ്രസ്താവനകള്‍ തുടരാന്‍ വെള്ളാപ്പള്ളിയെ അനുവദിക്കുന്നതെന്ന് നജ്മ തബ്ഷീറയും പറഞ്ഞു.
'വെള്ളാപ്പള്ളി, പിണറായി വിജയന്‍ എന്നീ രണ്ട് ഔട്ട്‌ഡേറ്റഡായ രണ്ട് മനുഷ്യര്‍ ചേര്‍ന്നാണ് കേരളത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി പറയുന്നതെന്തും വകവെച്ചുകൊടുക്കുന്ന കേരളത്തിലെ ഒരേയൊരു മനുഷ്യനായി പിണറായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി നല്‍കുന്ന പിന്തുണയുടെ ബലത്തിലാണ് വെള്ളാപ്പള്ളി ഇത്രയധികം വര്‍ഗീയതയും വിഭാഗീയതയും പറഞ്ഞുകൊണ്ടിരിക്കുന്നത്'. നജീബ് കാന്തപുരം പറഞ്ഞു.
'വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായങ്ങളല്ല. വര്‍ഗീയ പ്രസ്താവനകളുമായി എപ്പോഴൊക്കെ വെള്ളാപ്പള്ളി രംഗത്തെത്തിയോ അപ്പൊഴൊക്കെയും മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ ആരെങ്കിലോ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിക്ക് സ്വീകാര്യത നല്‍കുന്നതില്‍ ഇവര്‍ക്കൊക്കെയും പങ്കുണ്ട്'. നജ്മ തബ്ഷീറ മീഡിയവണിനോട് പറഞ്ഞു.
വര്‍ഗീയ പ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുസ്ലിം ലീഗ്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രാദേശിക തലത്തില്‍ തന്നെയും ലീഗ് പ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു.
Adjust Story Font
16

