അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ ആത്മാർഥതയിൽ സംശയം; മുസ്‌ലിം ലീഗ്
ഭൂരിപക്ഷ-ന്യൂനപക്ഷ സമൂഹത്തിനിടയിൽ സംശയമുണ്ടാക്കുന്നതാണ് യോഗിയെ കൊണ്ടുവന്ന നടപടിയെന്നും യോഗിയുടെ സമീപനം എല്ലാവർക്കും സ്വീകാര്യമല്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ

കോഴിക്കോട്: അയ്യപ്പ സംഗമത്തിൽ സർക്കാരിന് വിമർശനവുമായി മുസ്‌ലിം ലീഗ്. അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ ആത്മാർഥതയിൽ സംശയമുണ്ടെന്നും യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചപ്പോൾ അക്കാര്യം വ്യക്തമായെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
രാജ്യത്തെ അയോഗ്യനായ മുഖ്യമന്ത്രിയാണ് യോഗി. കേരളത്തിലെ അയ്യപ്പ ഭക്തർ സാമുദായിക സൗഹാർദം കാത്തു സൂക്ഷിക്കുന്നവരാണ്. അവർക്കിടയിലേക്ക് യോഗിയെ പോലുള്ളവരെ കൊണ്ടുവരുന്നത് സംശയമുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഭൂരിപക്ഷ-ന്യൂനപക്ഷ സമൂഹത്തിനിടയിൽ സംശയമുണ്ടാക്കുന്നതാണ് യോഗിയെ കൊണ്ടുവന്ന നടപടിയെന്നും യോഗിയുടെ സമീപനം എല്ലാവർക്കും സ്വീകാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമാണ്. സാമുദായിക സംഘടനകളുമായി യുഡിഎഫിന് നല്ല ബന്ധമുണ്ട്. ലീഗിനെ കുറിച്ച് സിപിഐഎം നേരത്തെ പറഞ്ഞത് നല്ല കാര്യങ്ങളാണ്. അന്ന് പറഞ്ഞ യോഗ്യത ഇപ്പോഴും ലീഗിനുണ്ട്. മുസ്‌ലിം ലീഗിന് വർഗീയത പോരാ എന്നു പറഞ്ഞാണ് ഐഎൻഎൽ ഉണ്ടായത്. പ്രതിപക്ഷ നേതാവിന്റെ പരാമർശം അങ്ങനെ കണ്ടാൽ മതിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Adjust Story Font
16

