Quantcast

സി.എ.എക്കെതിരെ മുസ്‌ലിം ലീഗ് ശക്തമായ നിയമപോരാട്ടം നടത്തും-പി.കെ കുഞ്ഞാലിക്കുട്ടി

ഇന്ന് സുപ്രിംകോടതിയിൽനിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-03-19 05:09:44.0

Published:

19 March 2024 4:55 AM GMT

IUML National General Secretary PK Kunhalikutty says that the Muslim League will fight a strong legal battle against the CAA
X

ന്യൂഡൽഹി: സി.എ.എക്കെതിരെ മുസ്‌ലിം ലീഗ് ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ധൃതിപിടിച്ച് നിയമം നടപ്പാക്കില്ലെന്ന് ലീഗിന്റെ ഹരജിയിൽ കേന്ദ്രം ഉറപ്പുനൽകിയതാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി തിരക്കിട്ടു നടത്തിയ വിജ്ഞാപനത്തെ കോടതിയിൽ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സി.എ.എ ഹരജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കാനിരിക്കെ ഡൽഹിയിൽ നടന്ന ലീഗ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''സി.എ.എ കേസിൽ കോടതിയിൽ നടത്താൻ പോകുന്ന പോരാട്ടത്തെ കുറിച്ച് അഭിഭാഷകൻ കപിൽ സിബലുമായി ചർച്ച ചെയ്തു. നിയമം നടപ്പാക്കാൻ ധൃതി കാണിക്കില്ലെന്ന് ലീഗിന്റെ ഹരജിയിൽ ഉറപ്പുനൽകിയിരുന്നതാണ്. പിന്നീട് എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇത്തരത്തിൽ തിരക്കിട്ട് നിയമം ഇറക്കിയത്?''-കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കോടതിയിൽ കേസ് നടപടികൾ നടക്കുമ്പോൾ ധൃതിപിടിച്ച് നിയമവുമായി മുന്നോട്ടുപോകാൻ പറ്റില്ല. പൗരത്വം കൊടുക്കുന്നതിന് ലീഗ് എതിരല്ല. അതിൽ പക്ഷപാതം കാണിക്കുന്നതിനെയാണ് മതേതരത്വ നിലപാടിൽ ഞങ്ങൾ എതിർക്കുന്നത്. സർക്കാരും ലീഗിന്റെ കേസിൽ കക്ഷി ചേരേണ്ടിവരും.

സി.എ.എ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വൈകിയെന്നും അദ്ദേഹം പ്രതികരിച്ചു. കോടതികളിൽ കേസ് നടപടികൾ മുന്നോട്ടുപോകുമ്പോഴാണ് ഈ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കവേ പ്രചാരണത്തിന് ഉപയോഗിക്കാനുള്ള നീക്കമാണിത്. വിഷയത്തിൽ ആത്മാർഥമായാണ് ലീഗ് പോരാട്ടം നടത്തുന്നത്. ഇതൊരു കേരള പ്രശ്‌നമായി ഒതുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അസമയത്തുള്ള സർക്കാരിന്റെ വിജ്ഞാപനമാണിതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനങ്ങൾ ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണു ധൃതിപിടിച്ചുള്ള സർക്കാരിന്റെ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. മുസ്‌ലിം ലീഗ് നേരത്തെ തന്നെ കേസുമായി മുന്നോട്ടുപോകുന്നുണ്ട്. ലീഗിന്റേതാണ് കേസിലെ മുഖ്യ ഹരജി. ഇന്ന് സുപ്രിംകോടതിയിൽനിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും തങ്ങൾ പറഞ്ഞു.

Summary: IUML National General Secretary PK Kunhalikutty says that the Muslim League will fight a strong legal battle against the CAA

TAGS :

Next Story