മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പോഷക സംഘടനകൾ
എംഎസ്എഫ്, യൂത്ത് ലീഗ്, കെഎസ്ടിയു എന്നിവയിൽ ആരെയും പരിഗണിച്ചില്ലെന്നാണ് പരാതി

മലപ്പുറം: പുതിയ യുഡിഎഫ് സർക്കാരിൽ മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്ത് വൻ അതൃപ്തി പുകയുന്നു. യൂത്ത് ലീഗ്, എംഎസ്എഫ്, കെഎസ്ടിയു തുടങ്ങിയ പോഷക സംഘടനകളിൽ നിന്നും ആരെയും പരിഗണിക്കാത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മലപ്പുറത്ത് ചേർന്ന യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ലീഗ് മന്ത്രിമാർക്കും മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. അഞ്ച് മന്ത്രിമാരെയും വിളിച്ചുവരുത്തി സംസാരിക്കണമെന്നാണ് പ്രവർത്തകരുടെ പ്രധാന ആവശ്യം.
കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സ്റ്റാഫ് നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാകുമെന്നും പോഷക സംഘടനകളെ പരിഗണിക്കുമെന്നും പാർട്ടി നേതൃത്വം പ്രവർത്തകർക്ക് ഉറപ്പുനൽകിയിരുന്നു. ഇതിനായി റഷീദലി തങ്ങൾ, പി.എം.എ സലാം എന്നിവരടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ കൃത്യമായി പരിശോധിച്ചാണ് നിയമനത്തിനായുള്ള പട്ടിക തയ്യാറാക്കി സമിതിക്ക് നൽകിയത്. എന്നാൽ ഈ പട്ടികയിൽ നിന്ന് ഒരാളെപ്പോലും നിയമിച്ചില്ലെന്നാണ് പോഷക സംഘടനകൾ ആരോപിക്കുന്നത്. എംഎസ്എഫ് സംസ്ഥാന നേതൃത്വം നൽകിയ പട്ടിക പൂർണമായും തഴയപ്പെട്ടപ്പോൾ, അവർക്ക് ലഭിച്ചത് ഒരു പ്യൂൺ തസ്തിക മാത്രമാണ്. ഇത് വേണ്ടെന്ന നിലപാടിലാണ് എംഎസ്എഫ് ഉള്ളത്. അധ്യാപക സംഘടനയായ കെഎസ്ടിയുവിൽ നിന്നും ആർക്കും അവസരം ലഭിച്ചില്ല.
പാർട്ടിക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുകയും കേസുകളിൽ പ്രതികളാകുകയും ചെയ്ത സാധാരണ പ്രവർത്തകരെ പൂർണമായും തഴയുന്ന സമീപനമാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് യോഗത്തിൽ വിമർശനമുയർന്നു. പകരം ഉപജാപക സംഘങ്ങളുടെ ഇടപെടലിലൂടെ നൂലിൽ കെട്ടിയിറക്കിയവരെയാണ് മന്ത്രിമാരുടെ സ്റ്റാഫായി നിയമിച്ചിരിക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം. കഴിഞ്ഞ കാലങ്ങളിൽ മന്ത്രിമാരുടെയും എംപിമാരുടെയും സ്റ്റാഫായിരുന്നവരിൽ 80 ശതമാനം പേർ തന്നെയാണ് ഇപ്പോഴും ആ സ്ഥാനങ്ങളിൽ തുടരുന്നത്. ഇതിന് പിന്നിൽ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കോക്കസ് ഉണ്ടെന്നും പ്രവർത്തകർ ആരോപിക്കുന്നു.
മുതിർന്ന നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും യോഗത്തിൽ കടുത്ത വിമർശനമുണ്ടായി. അദ്ദേഹത്തിന് സ്റ്റാഫ് നിയമനത്തിൽ പ്രത്യേക ഇളവ് നൽകുകയും സമിതിയെ മറികടന്ന് സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ അനുവാദം നൽകുകയും ചെയ്തു. മുൻപുണ്ടായിരുന്ന ആളുകളെ തന്നെ അദ്ദേഹം വീണ്ടും സ്റ്റാഫായി നിയമിച്ചപ്പോൾ മറ്റ് മന്ത്രിമാരും ഇതേ രീതി തന്നെ ആവർത്തിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള മുതിർന്ന നേതാക്കൾ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ മറ്റ് മന്ത്രിമാർ അത് പിന്തുടർന്നതിൽ അത്ഭുതമില്ലെന്നാണ് പ്രവർത്തകരുടെ പക്ഷം.
Adjust Story Font
16

