തവനൂർ- തിരുവമ്പാടി സീറ്റുകള്‍ വെച്ചുമാറാന്‍ കോൺഗ്രസ്- മുസ്‍ലിം ലീഗ് ആലോചന; ഒരുവിഭാഗം നേതാക്കള്‍ക്ക് അതൃപ്തി
മലപ്പുറത്ത് ആകെയുള്ള നാല് സീറ്റില്‍ ഒരെണ്ണം കൂടി ലീഗിന് നല്‍കുന്നതിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുള്ളത്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ - തിരുവമ്പാടി സീറ്റുകള്‍ വെച്ചുമാറാന്‍ കോൺഗ്രസും മുസ്‍ലിം ലീഗും ആലോചിക്കുന്നു. തവനൂർ സീറ്റ് ലീഗിന് നല്കി തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് ആലോചന.തദ്ദേശ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ യുഡിഎഫിന് മികച്ച വിജയമാണ് ഉണ്ടായത്. മലപ്പുറത്ത് കോൺഗ്രസിന് ആകെയുള്ള നാല് സീറ്റുകളില്‍ ഒരു സീറ്റു കൂടി ലീഗിന് നല്‍കുന്നതില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എതിർപ്പുണ്ട്.
മലപ്പുറം ജില്ലയിലെ 16 സീറ്റില്‍ നിലമ്പൂർ,വണ്ടൂർ,തവനൂർ,പൊന്നാനി സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ഒരു സീറ്റ് കൂടി നല്‍കുന്നതിലാണ് നേതാക്കള്‍ക്ക് അമര്‍ഷം.ഈ എതിര്‍പ്പ് കെപിസിസിയില്‍ ഉന്നയിക്കാനാണ് നേതാക്കളുടെ തീരുമാനം.
കോഴിക്കോട്ട് ജില്ലയിലെ സുപ്രധാന മണ്ഡലമാണ് തിരുവമ്പാടി. കോൺഗ്രസിനും ലീഗിനും സ്വാധീനമുണ്ടെങ്കിലും കഴിഞ്ഞ രണ്ട് തവണയും സിപിഎമ്മാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞടുപ്പിൽ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളും യുഡിഎഫിനൊപ്പമാണ്. മുക്കം മുനിസിപാലിറ്റിയും കാരശേരി പഞ്ചായത്തും മാത്രമാണ് എൽഡിഎഫിനുള്ളത്. സാമുദായിക സമവാക്യത്തിന്റെ പേരിൽ ലീഗിന്റെ സീറ്റ് ഏറ്റെടുക്കുന്നത് ശരിയല്ലെന്ന അഭിപ്രായം കോൺഗ്രസിലും യുഡിഎഫിലും ഉയർന്നിരുന്നു.
Adjust Story Font
16

