എഫ്സിആർഎ നിയമ ഭേദഗതി: കേന്ദ്ര സർക്കാർ പൂർണ്ണമായും പിന്തിരിയണമെന്ന് മുസ്‌ലിം സംഘടനകൾ
'' ഭരണകൂടത്തിന് പരിധിവിട്ട അധികാരം നൽകുന്ന ഈ ഭേദഗതി കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭീകര നിയമങ്ങളുടെ തന്നെ തുടർച്ചയാണ്''

- Published:
1 April 2026 9:43 PM IST

കോഴിക്കോട്: എഫ്സിആർഎ നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത് താൽക്കാലികമായി മാറ്റിവെക്കുകയല്ല മറിച്ച് അതിൽ നിന്നും സമ്പൂർണ്ണമായി പിന്തിരിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ സുതാര്യത ഉറപ്പാക്കാനും, നിയമവിരുദ്ധ ഫണ്ടിങ് തടയാനുമെന്ന് പറഞ്ഞ് പടച്ചെടുക്കുന്ന പുതിയ നിയമ ഭേദഗതി വ്യത്യസ്ത മതന്യൂനപക്ഷങ്ങൾ, എൻജിഒകൾ, സന്നദ്ധ സംഘടനകൾ മുതലായവർക്ക് വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ്. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിലും അവരുടെ മുൻകയ്യിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കകൾ സൃഷ്ടിക്കുന്ന വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിൽ പറയുന്നത്.
ഭരണകൂടത്തിന് പരിധിവിട്ട അധികാരം നൽകുന്ന ഈ ഭേദഗതി കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭീകര നിയമങ്ങളുടെ തന്നെ തുടർച്ചയാണ്. അതിനാൽ, ഭരണഘടനാവകാശങ്ങളെ നിരാകരിക്കുന്ന ഈ കിരാത നിയമഭേദഗതി നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പൂർണ്ണമായും പിന്തിരിയണമെന്നും സംയുക്ത പ്രസ്താവനയിൽ നേതാക്കൾ ആവശ്യപ്പെട്ടു.
സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഡോ. ഹുസൈൻ മടവൂർ, പി.മുജീബ് റഹ്‌മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എൻ അബ്ദുല്ലത്വീഫ് മദനി, സി.പി ഉമ്മർ സുല്ലമി, എ.നജീബ് മൗലവി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.
Adjust Story Font
16
