Quantcast

സി.പി.എം നേതാവിന്‍റെ കൊലപാതകം; പിന്നിൽ മാറ്റാരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

കർശനമായ നടപടി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണം

MediaOne Logo

Web Desk

  • Published:

    23 Feb 2024 11:59 AM IST

MV Govindan
X

എം.വി ഗോവിന്ദന്‍

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയതിനുപിന്നിൽ മാറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മൃഗീയമായ കൊലപാതകമാണ് നടന്നത്. കർശനമായ നടപടി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണം. പ്രതി പാർട്ടി അംഗമായിരുന്നെങ്കിലും ഉൾക്കൊള്ളാൻ കഴിയാത്തതിനെ തുടർന്ന് പുറത്താക്കിയിരുന്നതായും ഗോവിന്ദൻ പറഞ്ഞു.

പി.വി സത്യനാഥന്‍റെ കൊലപാതകത്തിൽ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് സത്യനാഥനുമായി വ്യക്തി വൈരാഗ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സത്യനാഥന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തില്‍ അനുശോചിച്ച് കൊയിലാണ്ടിയില്‍ സി.പി.എം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഇന്നലെ രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ സത്യനാഥ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. പെരുവട്ടൂർ പുറത്തോന അഭിലാഷ് മഴു കൊണ്ട് വെട്ടുകയായിരുന്നുവെന്നാണു വിവരം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തിൽ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണു നാട്ടുകാർ പറയുന്നത്.



TAGS :

Next Story