'അസുഖമാണെന്ന് പറഞ്ഞ് അയിഷാ ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല, അതെന്താണെന്ന് എല്ലാവർക്കും മനസിലായി'; എം.വി ഗോവിന്ദൻ
അധികാരത്തിൻ്റെ അപ്പ കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നെന്ന് തെളിഞ്ഞെന്നും ഗോവിന്ദൻ

തിരുവനന്തപുരം: അഡ്വ. പി. അയിഷാ പോറ്റിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അസുഖമാണെന്ന് പറഞ്ഞ് അയിഷാ ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല. ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. അധികാരത്തിൻ്റെ അപ്പ കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നെന്ന് തെളിഞ്ഞെന്നും അദ്ദേഹം പരിഹസിച്ചു.
വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തേടി ഇറങ്ങിയിരിക്കുകയാണ് വി.ഡി സതീശനെന്നും ഗോവിന്ദന്‍ പറഞ്ഞു. ഒരു വിസ്മയവും കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കര മുന്‍ എംഎല്‍എ കൂടിയായിരുന്ന അയിഷാ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ ചേര്‍ന്നത്. തിരുവനന്തപുരത്തെ രാപകൽ സമരവേദിയിൽ എത്തിയിരുന്നു. കുറച്ച് കാലങ്ങളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഇവർ ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
Adjust Story Font
16

