Quantcast

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് ഞങ്ങളെന്തിന് പറയണം? ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന് പിന്തുണ നൽകിയപ്പോൾ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ?: എം.വി ഗോവിന്ദൻ

എസ്ഡിപിഐയുടെ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം നിലപാട് വ്യക്തമാക്കാമെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-02 11:26:03.0

Published:

2 April 2026 4:18 PM IST

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് ഞങ്ങളെന്തിന് പറയണം? ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന് പിന്തുണ നൽകിയപ്പോൾ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ?: എം.വി ഗോവിന്ദൻ
X

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ട് വേണ്ടെന്ന് ആരും പറഞ്ഞില്ലെന്നും വര്‍ഗീയ പാര്‍ട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാട് ഉണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. എസ്ഡിപിഐയുടെ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം നിലപാട് വ്യക്തമാക്കാമെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍മുന്നേറ്റം നടത്തും. ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും അധികാരത്തില്‍ വരും. യുഡിഎഫിന് വേണ്ടി നടത്തിയ സര്‍വേയില്‍ പോലും എല്‍ഡിഎഫ് മുന്നേറ്റം സംഭവിക്കുമെന്നാണ് പറയുന്നത്. നവകേരളം സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് പ്രകടന പത്രിക. പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാകുമെന്നതാണ് എല്‍ഡിഎഫ് ഗ്യാരണ്ടി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും പ്രതിപക്ഷ നേതാവ് ഇന്നും മറുപടി പറഞ്ഞിട്ടില്ല. സംയുക്ത അക്കൗണ്ടിലാണെങ്കില്‍ സത്യവാങ്മൂലത്തില്‍ എന്തുകൊണ്ട് രണ്ടുപേരും അത് വ്യക്തമാക്കിയില്ല?പണം സംബന്ധിച്ച കാര്യങ്ങള്‍ സുതാര്യമല്ലെന്നാണ് പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. അഞ്ച് കോടി രൂപയ്ക്ക് ഭൂമി വാങ്ങിയെന്ന സണ്ണി ജോസഫിന്റെ പ്രസ്താവനയില്‍ വ്യക്തമാകുന്നത് തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വീണ്ടും വീണ്ടും നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.' ഗോവിന്ദന്‍ പറഞ്ഞു.

'കെ.സി വേണുഗോപാല്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വില പോലും മനസിലാക്കാതെയാണ് സിപിഎമ്മിനെതിരെ കള്ള പ്രസ്താവനകള്‍ അടിച്ചിറക്കുന്നത്. പറയുന്നതോരോന്നും ശുദ്ധ അസംബന്ധം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഇല്ലാതാകുന്നതല്ല എന്റെ വ്യക്തിത്വം. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് ഞങ്ങള്‍ പറയണം? ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ? വര്‍ഗീയ പാര്‍ട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാടുണ്ട്. ഈ വിഷയങ്ങളില്‍ എസ്ഡിപിഐ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎമ്മും നിലപാട് അറിയിക്കും'. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story