Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എം.വി ഗോവിന്ദൻ

സഹകരണ ബാങ്കുകളുടെ ഉത്തരവാദിത്വം ഏൽപ്പിച്ച നേതാക്കളുടെ മേൽനോട്ടത്തിൽ വീഴ്ച പറ്റി.

MediaOne Logo

Web Desk

  • Published:

    23 Sep 2023 4:29 PM GMT

MV Govindan says big fault happened in karuvannur bank fraud latest kerala news
X

തൃശൂർ: കരുവന്നൂർ തട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം തൃശൂർ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.

സഹകരണ ബാങ്കുകളുടെ ഉത്തരവാദിത്വം ഏൽപ്പിച്ച നേതാക്കളുടെ മേൽനോട്ടത്തിൽ വീഴ്ച പറ്റി. ക്രമക്കേട് കണ്ടെത്തിയപ്പോഴും സാഹചര്യത്തിനനുസരിച്ച് പരിഹാര ശ്രമമുണ്ടായില്ല.

ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. മുതിർന്ന നേതാക്കൾക്കെതിരായ കോൺഗ്രസ്- ബിജെപി ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

കരിവന്നൂർ തട്ടിപ്പ് പാർട്ടി ഒരു നിലയ്ക്കും അഗീകരിക്കുന്നില്ലെന്ന് എം.വി ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. തെറ്റ് പറ്റിയാൽ തിരുത്തണം. കരുവന്നൂർ ബാങ്കുൾപ്പെടെയുള്ള കാര്യത്തിൽ ആ നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂരെന്നാണ് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞത്. സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകളുണ്ടെന്നും സ്പീക്കർ പറ‍ഞ്ഞു. സഹകാരികൾക്ക് നല്ല ജാഗ്രത വേണമെന്നും അടിക്കാൻ സഹകരണ മേഖല വടി കൊടുക്കരുതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

തട്ടിപ്പിൽ നേരത്തെ സിപിഎമ്മിനെതിരെ സിപിഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ രം​ഗത്തെത്തിയിരുന്നു. കരുവന്നൂരിൽ സഹകരണ ബാങ്ക് ഇടപാടിൽ സിപിഎം ചതിച്ചെന്ന് സിപിഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ ആരോപിച്ചു. ഭരണസമിതി അറിയാതെയാണ് വലിയ ലോണുകൾ നൽകിയത്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും തട്ടിപ്പിന്റെ വിവരങ്ങൾ അറിയാമെന്ന് ലളിതനും സുഗതനും വെളിപ്പെടുത്തി രം​ഗത്തെത്തിയിരുന്നു.

ഇന്ത്യയിലെ എത്ര പൊതുമേഖലാ ബാങ്കുകളില്‍ പതിനായിരക്കണക്കിന് കോടികളുടെ ക്രമക്കേടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നം അതിലെല്ലാം ഇ.ഡിക്ക് ഈ സമീപനം ഉണ്ടായിട്ടുണ്ടോയെന്നും കഴിഞ്ഞദിവസം മന്ത്രി എം.ബി രാജേഷ് ചോദിച്ചിരുന്നു. ഇതിലൂടെ തന്നെ യഥാര്‍ഥത്തില്‍ എന്താണ് ഇ.ഡിയുടെ ഉദ്ദേശമെന്ന് വളരെ വ്യക്തമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

TAGS :

Next Story