‘സ്ത്രീക്ക് തുല്യത വേണമെന്ന് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നു’; കാന്തപുരത്തിന് പരോക്ഷ മറുപടിയുമായി എം.വി ഗോവിന്ദൻ
‘തുല്യത സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടതെന്ന് താൻ പറയുന്നില്ല’

കൊച്ചി: സ്ത്രീപുരുഷ സമത്വത്തില്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്‍ലിയാർക്ക് പരോക്ഷ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്ത്രീക്ക് തുല്യത വേണമെന്ന് പറയുമ്പോൾ ചിലർ പ്രകോപിതരാകുകയാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
ആരും പ്രകോപിതരായിട്ട് കാര്യമില്ല. തുല്യത സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടതെന്ന് താൻ പറയുന്നില്ല. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഉദ്ദേശിച്ചല്ല, ഒരു സമൂഹത്തെ ഉദ്ദേശിച്ചാണ് ഇത് പറയുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കാന്തപുരത്തിന്റെ പേര് പറയാതെയായിരുന്നു വിമർശനം.
നേരത്തെ മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്ക്കെതിരെ കാന്തപുരം നടത്തിയ പരാമര്‍ശത്തെ എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
എന്നാൽ, സമസ്തക്കെതിരെ സ്ത്രീ വിരുദ്ധത ആരോപിക്കുന്നവർ സ്വന്തം കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് കാന്തപുരം മറുപടി നൽകുകയുണ്ടായി. ‘ഇന്നലെയൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ അയാളുടെ ജില്ലയിൽ തന്നെയുളള ഏരിയാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തത് 18 പേരെയാണ്. ഈ പതിനെട്ടും പുരുഷന്മാരാണ്. ഒരൊറ്റ പെണ്ണിനെയും അവർക്ക് കിട്ടിയിട്ടില്ല. എന്തേ അവിടെ പെണ്ണുങ്ങളെ പരിഗണിക്കാതിരുന്നത്’ -കാന്തപുരം ചോദിച്ചു.
Adjust Story Font
16

