പരാജയത്തെ മറച്ചുപിടിക്കാൻ വിദ്വേഷ പ്രചാരണങ്ങളുടെ ഫാക്ടറി തുറന്നുവെച്ചിരിക്കുന്നു; എം.വി ജയരാജൻ വിദ്വേഷ പ്രസ്താവന പിൻവലിക്കണം: എസ്ഐഒ
എസ്ഐഒവിനെ പൈശാചികവൽക്കരിക്കാൻ സംഘ്പരിവാർ മാതൃകയിൽ ഇസ്‌ലാമോഫോബിക് രാഷ്ട്രീയം പ്രയോഗിക്കുകയാണ് ജയരാജനെന്നും ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും എസ്ഐഒ

കോഴിക്കോട്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെയെന്ന' മുദ്രാവാക്യം എസ്ഐഒയുടേതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍റെ പരാമർശത്തിനെതിരെ എസ്ഐഒ. എസ്ഐഒവിനെ പൈശാചികവൽക്കരിക്കാൻ സംഘ്പരിവാർ മാതൃകയിൽ ഇസ്‌ലാമോഫോബിക് രാഷ്ട്രീയം പ്രയോഗിക്കുകയാണ് ജയരാജനെന്നും ആരോപണം തെളിയിക്കാൻ ജയരാജനെ വെല്ലുവിളിക്കുന്നുവെന്നും എസ്ഐഒ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.അബ്ദുൽ വാഹിദ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്വേഷ പ്രസ്താവന ജയരാജൻ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും എസ്ഐഒ മുന്നറിയിപ്പ് നൽകി.
'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന മുദ്രാവാക്യം ക്യാമ്പസുകളിലേക്കും മറ്റിടങ്ങളിലേക്കും പ്രചരിപ്പിച്ചത് എസ്ഐഒ എന്ന സംഘടനയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ ഇന്ന് പരാമർശിച്ചത്. വസ്തുതാവിരുദ്ധമായ പ്രസ്താവനയാണത്. കഴിഞ്ഞ 44 വർഷത്തെ എസ്ഐഒവിന്‍റെ പ്രവർത്തന കാലയളവിൽ എപ്പോഴെങ്കിലും എസ്ഐഒ അത്തരമൊരു മുദ്രാവാക്യം ഉയർത്തിയതായി തെളിയിക്കാൻ എം.വി ജയരാജനെ വെല്ലുവിളിക്കുന്നു'. കുറിപ്പിൽ പറയുന്നു.
'എസ്ഐഒവിനെ പൈശാചിക വൽക്കരിക്കാൻ സംഘപരിവാർ മാതൃകയിൽ കഴിഞ്ഞ കുറെ കാലങ്ങളായി സിപിഎം പരീക്ഷിച്ച് അമ്പേ പരാജയപ്പെട്ട ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തെ ഒരിക്കൽ കൂടി എടുത്തു പ്രയോഗിക്കുകയാണ് ജയരാജൻ ചെയ്യുന്നത്. ഹിന്ദുത്വ സാംസ്‌കാരികതയെയും അവരുടെ വംശീയ രാഷ്ട്രീയത്തെയും ആന്തരികവൽക്കരിച്ച് മുസ്‌ലിം സമുദായത്തെ അപരവൽക്കരിച്ച് വേട്ടയാടുന്ന സിപിഎമ്മിൻ്റെ പതിവ് ആഖ്യാനങ്ങളുടെ തുടർച്ചയാണ് ജയരാജൻ്റെ ഈ പ്രസ്താവനയും. ജനാധിപത്യ സംവിധാനങ്ങളിൽ മുസ്‌ലിം സമുദായമുയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളെയും അവരുടെ സ്വത്വ പ്രതിനിധാനങ്ങളെയും തങ്ങളുടെ മേൽജാതി അധികാര പ്രയോഗങ്ങളിലൂടെ പൈശാചികവൽക്കരിക്കുന്ന സമീപനം സി പി എം നിർജലജ്ജം തുടരുകയാണ്. തെറ്റായ രാഷ്ട്രീയ നിലപാടുകൾക്ക് കേരളം നൽകിയ കനത്ത തോൽവിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുവാൻ സിപിഎം തയ്യാറല്ല എന്നാണ് ഇതിലൂടെ പറഞ്ഞ് വെക്കുന്നത്.'
മിനിമം സത്യസന്ധതയുണ്ടെങ്കിൽ വിദ്വേഷ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ എം.വി ജയരാജൻ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ നിയമ - രാഷ്ട്രീയ ഇടപെലുകൾക്ക് എസ്ഐഒ നിർബന്ധിതമാവുമെന്നും പ്രസിഡന്‍റ് അബ്ദുൽ വാഹിദ് ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
Adjust Story Font
16

