Quantcast

നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണികള്‍ വേണ്ട, 5000 രൂപ വരെ പിഴയീടാക്കും; മുന്നറിയിപ്പുമായി എംവിഡി

പല വാഹന ഉടമകളും വളരെ ലാഘവത്തോടെ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കുകയും, ചിലര്‍ മറച്ച് വെക്കുകയും, മറ്റു ചിലര്‍ അഴിച്ചു വെക്കുകയും, കാണാതിരിക്കാന്‍ ചെളി വാരിത്തേക്കുകയും ഒക്കെ ചെയ്യുന്നതായി കാണുന്നുവെന്ന് എംവിഡി

MediaOne Logo

Web Desk

  • Updated:

    2026-10-18 17:18:16

Published:

18 Oct 2026 10:34 PM IST

mvd warning about number plate alteration
X

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പല വാഹന ഉടമകളും വളരെ ലാഘവത്തോടെ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും, ചിലര്‍ മറച്ച് വെക്കുകയും, മറ്റു ചിലര്‍ അഴിച്ചു വെക്കുകയും, കാണാതിരിക്കാന്‍ ചെളി വാരിത്തേക്കുകയും ഒക്കെ ചെയ്യുന്നതായി കാണുന്നു. ഇങ്ങനെയുള്ള പ്രവൃത്തികള്‍ കൊണ്ട് അപകടങ്ങളില്‍ പെട്ട വാഹനങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവുകയും, ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ ഉള്‍പെടെ സാധാരണ നിലയില്‍ ലഭിക്കേണ്ടതായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇരകള്‍ക്ക് കിട്ടാതിരിക്കാനും സാധ്യത ഉണ്ട്.

ഇത്തരം നിയമലംഘനങ്ങള്‍ക്കെല്ലാം റെജിസ്‌ട്രേഷന്‍ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 3000 രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപയുമാണ് പിഴയൊടുക്കേണ്ടത് എന്നുകൂടി മനസിലാക്കണം -സമൂഹമാധ്യമ പോസ്റ്റില്‍ എംവിഡി പറഞ്ഞു.

നമ്പര്‍ പ്ലേറ്റുമായി ബന്ധപ്പെട്ട് വാഹന പരിശോധനക്കിടെ കാണുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

1. നമ്പര്‍ പ്ലേറ്റ് അഴിച്ചു വെക്കുക.

2. നമ്പര്‍ പ്ലേറ്റ് വളച്ച് വെക്കുക.

3. നമ്പര്‍ കാണാത്ത തരത്തില്‍ മറച്ചുവെക്കുക.

4. നമ്പര്‍ പ്ലേറ്റിന്റെ ഒരു ഭാഗം മുറിച്ചു കളയുക.

5. കാണാതിരിക്കാന്‍ കരി ഓയില്‍, ചെളി മുതലായവ തേച്ചു വെക്കുക.

6. ഏതെങ്കിലും ഒരു അക്കത്തിനു മേല്‍ എന്തെങ്കിലും ഒട്ടിച്ചു വെക്കുക.

7. നമ്പര്‍ പ്ലേറ്റ് തന്നെ വിചാഗിരി വെച്ച് ആവശ്യത്തിന് മടക്കി വെക്കുക.

8. ആവശ്യാനുസരണം റിമോട്ട് വഴി പ്ലേറ്റിനെ കവര്‍ ചെയ്യുക.

9. ക്യാമറയില്‍ പതിയാത്ത തരം മെറ്റീരിയല്‍ കൊണ്ട് നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കുക.

10. നമ്പര്‍ പ്ലേറ്റില്‍ അനാവശ്യമായ ചിത്രങ്ങള്‍, എഴുത്തുകള്‍ ഒട്ടിക്കുക.

11. ടെമ്പററി റെജിസ്‌ട്രേഷന്‍ നമ്പര്‍ മഞ്ഞ പ്രതലത്തില്‍ ചുവപ്പ് അക്കങ്ങള്‍ക്ക് പകരം ചുവന്ന പ്രതലത്തില്‍ വെളുത്തതോ, കറുത്തതോ നിറമുള്ള അക്കത്തില്‍ എഴുതുക.

12. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ സൈഡില്‍ നമ്പര്‍ എഴുതാതിരിക്കുക.

13. ബാറ്ററി ഓപറേറ്റഡ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് പച്ച പ്രതലത്തില്‍ മഞ്ഞ അക്ഷരത്തിന്നു പകരം വെളുത്ത അക്ഷരത്തില്‍ എഴുതുക.

14. ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുക.

TAGS :

Next Story