Quantcast

'ഒളിവീട്ടിൽ അഭയം തേടിയ എകെജിയല്ല എൻ്റെ മാതൃക'; നികേഷ് കുമാറിനെ കിണറ്റിൽ ഇറക്കിയത് താനാണെന്നും കെ.എം ഷാജി

വർഗീയത പറഞ്ഞതുകൊണ്ടാണ് സജി ചെറിയാൻ മാപ്പ് പറഞ്ഞത്. തനിക്ക് ജീവനേക്കാൾ വലുതാണ് വിശ്വാസമെന്നും അതുകൊണ്ട് അത് മാറ്റിപ്പറയില്ലെന്നും ഷാജി.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-24 03:36:37.0

Published:

24 Jan 2026 9:04 AM IST

My role model is not AKG who sought refuge in a hideout Says KM Shaji
X

കാസർകോട്: തന്റെ നാവിൽ നിന്ന് മറ്റേതെങ്കിലുമൊരു മതത്തെ ആക്ഷേപിക്കുന്ന ഒരു വാക്കുണ്ടായിട്ടുണ്ടെന്ന് തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയുമെന്നും എകെജി സെന്ററിന്റെ ശമ്പളം പറ്റുന്ന മാധ്യമപ്രവർത്തകരെ താൻ വെല്ലുവിളിക്കുന്നതായും മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. തെരുവിൽ സംവാദം നടത്താമെന്നും ഒളിവീട്ടിൽ അഭയം തേടിയ എകെജിയല്ല തൻ്റെ മാതൃകയെന്നും കെ.എം ഷാജി. എം.വി നികേഷ് കുമാറിനെ കിണറ്റിൽ ഇറക്കിയത് താനാണെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.

പണി ചാനലിലും കൂലി എകെജി സെന്ററിൽ നിന്നും വാങ്ങുന്നുണ്ടെങ്കിൽ ജനങ്ങൾക്ക് മുന്നിൽ പറയാൻ തങ്ങൾക്കൊരു മടിയുമില്ല. എകെജി സെന്ററിൽ നിന്ന് കൊടുക്കുന്ന വാറോല വച്ച് ചാനലുകളിലിരുന്ന് ഏകപക്ഷീയമായി തോന്ന്യാസം പറയുകയാണ്. താൻ അഴീക്കോട് മത്സരിച്ച് 10 കൊല്ലം എംഎൽഎയായി ഇരുന്നിട്ടാണ് വീണ്ടും മത്സരിക്കാൻ നോമിനേഷൻ കൊടുത്തത്. പിന്നെ ഏത് കേസിന്റെ പേരിലാണ് ഷാജി എംഎൽഎ അല്ലാതായത്. നിങ്ങൾ കള്ളക്കേസുണ്ടാക്കി. കാരണം നികേഷ് കുമാറിനെയാണ് താൻ എതിർത്തത്. അയാളെ കിണറ്റിൽ ഇറക്കിയത് അയാൾക്കിഷ്ടപ്പെട്ടില്ലെന്നും ഷാജി പറഞ്ഞു.

'ഒരു സത്യം പറയട്ടെ, അയാളെ കിണറിൽ ഇറക്കിയത് ഞാനാണ്. തനിയെ ഇറങ്ങിയതല്ല. അയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുമൂന്ന് ആളുകളെ വച്ചാണ് അത് ചെയ്തത്. അയാൾക്ക് തെരഞ്ഞെടുപ്പ് മര്യാദയൊന്നും ഉണ്ടായിരുന്നില്ല. ആകെ ഇടങ്ങേറാക്കി. മൂൺവാക്ക്, മോണിങ് വാക്ക് എന്നൊക്കെ പറഞ്ഞ് പലതരം ഗിമ്മിക്കുകൾ. ഇയാളെയൊന്ന് ശരിയാക്കാമെന്ന് ഞാൻ വിചാരിച്ചു. കിണറിൽ ഒന്ന് ഇറങ്ങിനോക്ക്, അതൊരു ട്രെൻഡാകുമെന്ന് ഞാൻ പറഞ്ഞു. ആ സാധു ഇറങ്ങിയതാണ്. 10 മിനിറ്റ് കൊണ്ട് ഞാനവിടെ ചെന്ന് വേറൊരു വീഡിയോ ഉണ്ടാക്കി. പൊട്ടനായതുകൊണ്ടാണ് ഇറങ്ങിയത്. അല്ലെങ്കിൽ ഇറങ്ങുമോ... ആരെങ്കിലും കിണറ്റിൽ ഇറങ്ങി വെള്ളമെടുത്ത് ലോകത്ത് കണ്ടിട്ടുണ്ടോ... കിണർ നന്നാക്കാനും മരിക്കാനും ഇറങ്ങിയിട്ടുണ്ട് പലരും. കിണറ്റിൽ ഇറക്കിയതിന്റെ ദേഷ്യത്തിൽ കള്ളത്തരം ഉണ്ടാക്കുകയല്ല വേണ്ടത്. അയാളുണ്ടാക്കിയ നോട്ടീസ് മുഴുവൻ കള്ളമാണ്. ആ നോട്ടീസിന് കോടതിയിൽ നിന്ന് അംഗീകാരം കിട്ടിയിട്ട് 10 കൊല്ലം എംഎൽഎയായ ആളാണ് ഞാൻ'- ഷാജി വിശദമാക്കി.

എകെജി സെന്ററിന്റെ ശമ്പളം പറ്റുന്ന മാധ്യമപ്രവർത്തകരെ താൻ വെല്ലുവിളിക്കുന്നതായും കെ.എം ഷാജി. നിങ്ങൾ 100 പേരുണ്ടെങ്കിലും വാ, താനൊറ്റയ്ക്ക് മതി. ഒരു സംവാദം നടത്തൂ. അത് ചാനൽ മുറിയിലല്ല, കാഞ്ഞങ്ങാട് വേദി കെട്ടാം... കെ.എം ഷാജിയുടെ നാവിൽ നിന്ന് മറ്റേതെങ്കിലുമൊരു മതത്തെ ആക്ഷേപിക്കുന്ന ഒരു വാക്ക് തെളിയിക്കാൻ കഴിഞ്ഞാൽ പരസ്യമായി മാപ്പ് പറയും.

'ഇതുപോലെയല്ലേ അഴിമതിക്കേസ് പറഞ്ഞത്. എന്തുകൊണ്ടാണ് ചാനലിൽ കെ.എം ഷാജിയുടെ 25 ലക്ഷം രൂപ പറയാത്തത്. വീട് റെയ്ഡ് ചെയ്തത് പറയാത്തത്. എന്നെ ഇഡി ചോദ്യം ചെയ്തത് പറയാത്തത്. കോടതി വലിച്ചെറിഞ്ഞതാണ്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം എന്റെ വീട്ടിലെ സേഫിൽ പിണറായി വിജയന്റെ പൊലീസ് തിരിച്ചുവച്ചിട്ടുണ്ട്. കേരളത്തിലൊരു രാഷ്ട്രീയക്കാരനും ഇഡി പണം തിരിച്ചുകൊടുത്തിട്ടില്ല. ഇഡി കേസ് എല്ലാരുടേയും പേരിലുണ്ട്. എന്റെ പേരിലുള്ള കേസ് നിൽക്കില്ല. സുപ്രിംകോടതി വലിച്ചെറിഞ്ഞതാണ്. ഒരു കാര്യം ഓർക്കണം. നാല് ചാനലുകളെ കൂട്ടുപിടിച്ച് തന്നെ ശരിയാക്കാമെന്ന് വിചാരിച്ചാൽ അത് നടക്കില്ല. ആ കളി എന്റെയടുത്ത് വേണ്ട'.

തങ്ങളൊക്കെ ആവേശം കൊണ്ടത് ഒളിവീടുകളിൽ പോയി നിൽക്കുന്ന എകെജിയിൽ നിന്നല്ലെന്നും നെഞ്ചുവിരിച്ച് കേരളത്തിന്റെ മുന്നിൽനിന്ന സിഎച്ച് മുഹമ്മദ് കോയയിൽ നിന്നാണെന്നും കെ.എം ഷാജി വ്യക്തമാക്കി. താനിവിടെയുണ്ടാകും. ധൈര്യമുണ്ടെങ്കിൽ വാ. സിപിഎമ്മുമാരുടേത് നാശത്തിലേക്കുള്ള പോക്കാണ്. എം.എ ബേബിക്ക് അത് മനസിലായി. അതുകൊണ്ടാണ് അദ്ദേഹം വീട്ടിൽ കയറി പാത്രം കഴുകി മാതൃക കാണിച്ചത്. കാരണം, 35 കൊല്ലം ഭരിച്ച ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നൊക്കെ ആളുകൾ വന്നിട്ടാണ് ഇവിടെ ഹോട്ടലിലെ പാത്രം കഴുകുകയും പൊറോട്ടയടിക്കുകയുമൊക്കെ ചെയ്യുന്നത്. അതിന്റെ ട്രെയിനിങ്ങാണ്.

നിങ്ങളുടെ വൃത്തികെട്ട വർഗീയതയുടെ രാഷ്ട്രീയത്തിലേക്ക് തന്നെ ചേർത്തുവയ്‌ക്കേണ്ടെന്നും കെ.എം ഷാജി. വർഗീയത പറഞ്ഞതുകൊണ്ടാണ് സജി ചെറിയാൻ മാപ്പ് പറഞ്ഞത്. തനിക്ക് ജീവനേക്കാൾ വലുതാണ് വിശ്വാസമെന്നും അതുകൊണ്ട് അത് മാറ്റിപ്പറയില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.

TAGS :

Next Story