Quantcast

വൈഗയുടെ മരണം ദുരൂഹതകൾ ബാക്കി; ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തം ആരുടേത്..?, ശരീരത്തിൽ ആൽക്കഹോൾ എങ്ങനെയെത്തി..?

സനുമോഹന്‍റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ

MediaOne Logo

Web Desk

  • Updated:

    2021-04-19 08:20:43.0

Published:

19 April 2021 8:15 AM GMT

വൈഗയുടെ മരണം ദുരൂഹതകൾ ബാക്കി; ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തം ആരുടേത്..?, ശരീരത്തിൽ ആൽക്കഹോൾ എങ്ങനെയെത്തി..?
X

മകൾ വൈഗയെ കൊന്നത് താൻ തന്നെയാണെന്ന് പിടിയിലായ ശേഷം പിതാവ് സനുമോഹൻ കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് പറയുന്നത്. മകളെ ചേർത്ത് പിടിച്ച് ശ്വാസംമുട്ടിച്ചു, അബോധാവസ്ഥയിലായ ശേഷം പുഴയിൽ തള്ളി, മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനുമോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. വൈഗയുടെ മരണത്തിലേക്ക് എത്തിച്ച കാരണങ്ങൾ സനുമോഹൻ പറയുന്നുണ്ടെങ്കിലും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് സനുമോഹൻ പറയുന്നത്.

അതേസമയം ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് കണ്ടെത്തിയ രക്തം ആരുടേതാണെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. വൈഗതയുടെ ആന്തരിക അവയവങ്ങളിൽ നടത്തിയ രാസ പരിശോധനയിൽ ആൽക്കഹോളിന്‍റെ അംശം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് സനുമോഹൻ വൈഗയെ കൊന്നതും ശേഷം ഒളിവിൽ പോയതെന്നുമാണ് വിലയിരുത്തൽ.

സംഭവം നടന്ന മാർച്ച് 21-നും പിന്നീടുള്ള ദിവസങ്ങളിലും സനു മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. എന്നാൽ പിടിയിലായപ്പോൾ ഇയാളുടെ പക്കലിൽ നിന്ന് ഒരു ഫോൺ കണ്ടെത്തിയെന്നാണ് വിവരം. മറ്റാർക്കും അറിയാത്ത നമ്പറായിരുന്നു അത്. ആത്മഹത്യ ചെയ്യാനായി പോയ ഒരാൾ എന്തിനാണ് രഹസ്യമായി ഫോൺ കയ്യിൽ കരുതിയതെന്നും ദുരൂഹമാണ്. സനുമോഹനെ മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കർണാടക പൊലീസിന്റെ സഹായത്തോടെ കൊച്ചി പൊലീസ് പിടികൂടിയത്.

സനുമോഹൻ പൊലീസിനോട് പറഞ്ഞ കാര്യങ്ങൾ

മാർച്ച് 21 ന് ഭാര്യയെ ഭാര്യവീട്ടിലാക്കിയ ശേഷം മകളെയും കൊണ്ട് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലെത്തി. അവിടെ വെച്ച് തനിക്ക് വലിയ രീതിയിലുള്ള കടബാധ്യതകളുണ്ടെന്നും അതിനാൽ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും തന്‍റെ കൂടെ വരണമെന്നും മകളോട് പറഞ്ഞു. അപ്പോൾ അമ്മയെന്ത് ചെയ്യുമെന്ന് മകൾ ചോദിച്ചു. അമ്മയെ വീട്ടുകാർ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് മകളെ കെട്ടിപ്പിടിച്ച് കരയുന്നു. ആ സമയത്ത് മകളെ ശ്വാസംമുട്ടിക്കുകയായിരുന്നു. അതോടെ മകൾ അബോധാവസ്ഥയിലായി.

അതിന് ശേഷം വൈഗയെ തുണിയിൽ പൊതിഞ്ഞ് കാറിൽ കയറ്റി മുട്ടാർ പുഴയുടെ തീരത്ത് കൊണ്ടുപോയി അവിടെയുള്ള ഒരു കലുങ്കിൽ നിന്ന് പുഴയിലേക്ക് തള്ളുകയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്യണമെന്നായിരുന്നു കരുതിയത്. അതിന് സാധിച്ചില്ല. പക്ഷേ ആത്മഹത്യ ചെയ്യണമെന്ന് കരുതിയാണ് അവിടെ നിന്ന് പോയത്. പലയിടങ്ങളിൽ പോയി. രണ്ടുമൂന്നു തവണ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിച്ചു, കടലിൽ ചാടാൻ ശ്രമിച്ചു. ബീച്ചിൽ വെച്ച് ഒരു കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അങ്ങനെ മൂന്നുതവണ ആത്മഹത്യ ശ്രമങ്ങൾ നടത്തി.

തിരിച്ച് ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സനുമോഹനെ പൊലീസ് പിടികൂടുന്നത്. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ സനുമോഹനെയും മകളെയും കാണാനില്ലെന്ന് ഭാര്യ നൽകിയ പരാതിയുണ്ട്. കളമശേരി പൊലീസ് സ്റ്റേഷനിൽ മുട്ടാർപുഴയിൽ നിന്ന് പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയതിലും കേസ് ഉണ്ട്. ആലപ്പുഴയിലെ സ്വന്തം വീട്ടിലാണ് ഇപ്പോൾ സനുമോഹന്റെ ഭാര്യയുള്ളത്.

അഞ്ചുവർഷം മുമ്പുവരെ പൂനയിൽ വിവിധ ബിസിനസ്സുകൾ ഉണ്ടായിരുന്നു സനുമോഹന്. അവിടെ നിന്ന് പലരുടെയും പണം തട്ടിയെടുത്ത ശേഷമാണ് ഇയാൾ കൊച്ചിയിലെത്തുന്നത്. അവിടെ ഒരു ഫ്‌ളാറ്റ് വാങ്ങി. കങ്ങരപ്പടിയിൽ ഭാര്യയുടെ പേരിലായിരുന്നു ഇത്. മുന്നോട്ടുള്ള ജീവിതത്തിൽ വരുമാനത്തിന് സനുമോഹന് മുന്നിൽ മറ്റുവഴികളൊന്നുമില്ലായിരുന്നു. അതിന് പിന്നീട് കടം വാങ്ങാൻ തുടങ്ങി. കടം പെരുകി പെരുകി അത് കൊടുത്ത് തീർക്കാൻ കഴിയാതെ വന്നു. കടം നൽകിയവരുടെ ഭാഗത്തുനിന്ന് അത് തിരിച്ചുചോദിച്ചുകൊണ്ടുള്ള വൻ സമ്മർദ്ദവുമുണ്ടായി. അതോടെ ആത്മഹത്യ മാത്രമാണ് മുന്നിലുള്ള പോംവഴി എന്നായി.

താൻ മാത്രം മരിച്ചാൽ മകളെ മറ്റാരെങ്കിലും അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പേടിച്ചു. അവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താലോ എന്നതും ആശങ്കപ്പെടുത്തി. അത്തരത്തിൽ ചിലർ തന്നെ ഭീഷണിപ്പെടുത്തിയെന്നും സനുമോഹൻ പറയുന്നു. ഇതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, പൊലീസ് പിടികൂടുമ്പോൾ സനുമോഹൻറെ കൈത്തണ്ടയിൽ മുറിവിന്റെ പാടുണ്ടായിരുന്നു. ഇത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെയാണ് എന്നാണ് മനസ്സിലാകുന്നത്.

മകളെ പുഴയിലെറിഞ്ഞ ഉടനെ തന്നെ സനുമോഹൻ എന്തിന് കേരളം വിട്ടു എന്ന ചോദ്യത്തിന് ഉത്തരവും പൊലീസിന് ലഭിക്കേണ്ടതുണ്ട്. മകളോട് അത്യധികം സ്‌നേഹമുള്ള ഒരച്ഛനാണ് സനു മോഹൻ എന്നാണ് ബന്ധുക്കൾ എല്ലാം പറയുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് മകളെ കൊലപ്പെടുത്തിയതും ഒളിവിൽ പോയതും എന്നതിനുള്ള ഉത്തരവും പൊലീസിന് ലഭിച്ചിട്ടില്ല. ഒരു മാസത്തോളമാണ് പലയിടങ്ങളിലായി സനു മോഹൻ ഒളിവിൽ കഴിഞ്ഞത്. കൊല്ലൂർ മൂകാംബികയിൽ ലോഡ്ജിൽ താമസിച്ച ആറുദിവസവും ഇയാൾ വളരെ സന്തോഷവാനായിരുന്നു എന്നാണ് ലോഡ്ജിലെ ജീവനക്കാർ നൽകിയ മൊഴി. നിരവധി ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്...

TAGS :

Next Story