Quantcast

മുൻപ് നരേന്ദ്ര മോദിജി വന്ന് കഴിഞ്ഞപ്പോള്‍ തോക്കിൻമുനയിൽ പാചകം ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്, അതിനേക്കാൾ ഭീകരമായ സ്ഥിതിയാണിത്: പഴയിടം

'കലോത്സവത്തിന്റെ അവസാനത്തെ രണ്ടു ദിവസം ഞാൻ വല്ലാതെ പേടിച്ചാണ് പാചകം ചെയ്തത്. രാത്രി ഞങ്ങളാരും ഉറങ്ങിയിട്ടില്ല. എല്ലാവരും കസേരയിട്ട് കാവലിരിക്കുകയായിരുന്നു. ഇനി എന്താണ് സംഭവിക്കുക എന്ന പേടിയായിരുന്നു ഞങ്ങൾക്ക്'

MediaOne Logo

Web Desk

  • Updated:

    2023-01-08 07:50:53.0

Published:

8 Jan 2023 7:14 AM GMT

മുൻപ് നരേന്ദ്ര മോദിജി വന്ന് കഴിഞ്ഞപ്പോള്‍  തോക്കിൻമുനയിൽ പാചകം ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്, അതിനേക്കാൾ ഭീകരമായ സ്ഥിതിയാണിത്: പഴയിടം
X

സംസ്ഥാന സ്‌കൂൾ കലോത്സവത്തിനും കായിക മേളക്കും ഇനി ഭക്ഷണം ഉണ്ടാക്കാൻ താനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ചിലർ ഭക്ഷണത്തിൽ ജാതിയും മതവും കലർത്തി. അത് കൊണ്ട് ഇനി കലോത്സവത്തിൽ പാചകം ചെയ്യാൻ ഭയമുണ്ട്. മുൻപ് നരേന്ദ്ര മോദിജി വന്ന് കഴിഞ്ഞപ്പോ തോക്കിൻ മുനയിൽ പാചകം ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിനേക്കാൾ ഭീകരമായ ഒരു അവസ്ഥയാണ് ഇപ്പൊ വന്നിരിക്കുന്നത്. അത്തരമൊരു അവസ്ഥ വീണ്ടും നേരിടാൻ എനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

''വല്ലാത്തൊരു ഭയം എന്നെ പിടികൂടിയിരിക്കുന്നു. കലോത്സവത്തിന്റെ അവസാനത്തെ രണ്ടു ദിവസം ഞാൻ വല്ലാതെ പേടിച്ചാണ് പാചകം ചെയ്തത്. രാത്രി ഞങ്ങളാരും ഉറങ്ങിയിട്ടില്ല. എല്ലാവരും കസേരയിട്ട് കാവലിരിക്കുകയായിരുന്നു. ഇനി എന്താണ് സംഭവിക്കുക എന്ന പേടിയായിരുന്നു ഞങ്ങൾക്ക്''

ഇതിനു പിന്നിൽ ലോബിയിങ്ങ് നടക്കുന്നുണ്ട്. ലോബിയിങ് നടത്തുന്നത് ആരാണെന്ന് കണ്ടുപിടിക്കണം. ഇത് ആദ്യമായിട്ടല്ല കലോത്സവത്തിന് ഞാൻ വരുന്നത്. 16 വർഷമായി. പിന്നെ എന്തുകൊണ്ടാണ് ഈ വർഷം ഇങ്ങനെയൊരു വിവാദം ഉയർന്നുവന്നത്? ആര് പറഞ്ഞാലും ഇനി കായിക, കലോത്സവ മേളകൾക്ക് ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഒന്നോ രണ്ടോ പേർ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതല്ല കേരളത്തിന്റെ അഭിപ്രായമെന്നും ഭക്ഷണ വിതരണത്തില്‍ ആർക്കും പരാതിയില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി മീഡിയവണിനോട് പറഞ്ഞു. കലോത്സവത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ഖേദകരമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും പ്രതികരിച്ചു. എന്നാല്‍ പഴയിടം മോഹനൻ നമ്പൂരിതിയെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും ഭക്ഷണത്തിൽ വിഷം കലർത്തുന്നത് ഇടതുപക്ഷമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആരോപിച്ചു.

സ്കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പാത്തതും സ്ഥിരമായി പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ പാചകക്കാരനാകുന്നതുമായിരുന്നു കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ച. പഴയിടത്തിന്‍റെ ജാതി മൂലമാണ് ഈ പ്രിവിലേജ് ലഭിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം, എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍, മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ കലോത്സവത്തില്‍ വെജ് മാത്രം വിളമ്പുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

അതേ സമയം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ നോൺവെജ് ഭക്ഷണമുൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അടുത്തവർഷം നോൺവെജ് വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി,ശിവൻകുട്ടി അറിയിച്ചിരുന്നു. സസ്യാഹാരവുമായി ബന്ധപ്പെട്ട് വാവാദങ്ങളുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

TAGS :

Next Story