ദേശീയ പണിമുടക്ക്; കേരളത്തിൽ പൂർണം
വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല, കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ കോഡുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പണിമുടക്ക് കേരളത്തിൽ പൂർണം. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല, കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. യാത്ര സൗകര്യമില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടി. പണിമുടക്ക് ദിവസമായിട്ടും പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര മാറ്റിവെക്കാത്തതിൽ എൽഡിഎഫ് നേതാക്കൾ വിമർശനം ഉയർത്തി.
പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, സ്വകാര്യവൽക്കരണം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. രാത്രി 12 മണി മുതൽ തന്നെ കടകമ്പോളങ്ങൾ സമരക്കാർ എത്തി അടപ്പിച്ചു. കെഎസ്ആർടിസി,സ്വകാര്യ ബസുകൾ ടാക്സികൾ /ഓട്ടോറിക്ഷകൾ എന്നിവ നിരത്തിലിറങ്ങിയില്ല. ബാങ്കിംഗ് മേഖല തടസപ്പെട്ടു. പലയിടത്തും വിദ്യാലയങ്ങളും തുറന്നു പ്രവർത്തിച്ചില്ല. ഗതാഗതം ഇല്ലാത്തത് രാവിലെ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി
ഡയസ് നോൺ പ്രഖ്യാപിച്ചെങ്കിലും സെക്രട്ടറിയേറ്റിലെ ഹാജർ നിലയും കുറവായിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക വസതിയില്‍ നിന്ന് നടന്നാണ് പ്രതിഷേധ വേദിയിലെത്തിയത്. തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ലോക് ഭവന് മുന്നിൽ അവസാനിച്ചു. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
കൊച്ചിയിലെ സംയുക്ത ട്രേഡ് യൂണിയൻ മാർച്ചിൽ സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരിം അടക്കമുള്ളവർ പങ്കെടുത്തു. കേരളത്തിൽ മറ്റ് യൂണിയനുകൾക്കൊപ്പം സമരത്തില്‍ ഐഎൻടിയുസി ചേരാത്തതിൽ എളമരം വിമർശനമുയർത്തി.
എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ബസ് സമാരനുകൂലികള്‍ തടഞ്ഞു. കൊച്ചിയിലെ വ്യവസായ മേഖലയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കൊച്ചിയിലും വയനാടും പാലക്കാട് വാഹനങ്ങൾ സമര അനുകൂലികൾ തടഞ്ഞു. കോഴിക്കോട് പുതിയങ്ങാടിയിൽ ജിഎംയുപി സ്കൂൾ സമരക്കാർ അടപ്പിച്ചു.
Adjust Story Font
16

