Quantcast

'നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധംകൊണ്ട്'; പി.പി ദിവ്യയെ ന്യായീകരിച്ച് സിപിഎം നേതാവ്

യാത്രയയപ്പ് യോഗത്തിൽ അനുവാദമില്ലാതെ കയറിച്ചെന്നു എന്ന തെറ്റ് മാത്രമാണ് ദിവ്യ ചെയ്തത് എന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി ഹർഷകുമാർ പറഞ്ഞു

MediaOne Logo
നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധംകൊണ്ട്; പി.പി ദിവ്യയെ ന്യായീകരിച്ച് സിപിഎം നേതാവ്
X

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയെ ന്യായീകരിച്ച് പത്തനംതിട്ടയിലെ സിപിഎം നേതാവ്. നവീൻബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ടാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി ഹർഷകുമാർ പറഞ്ഞു.

യാത്രയയപ്പ് യോഗത്തിൽ അനുവാദമില്ലാതെ കയറിച്ചെന്നു എന്ന തെറ്റ് മാത്രമാണ് ദിവ്യ ചെയ്തത്. ദിവ്യ അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം ഒരാൾ ആത്മഹത്യ ചെയ്യില്ല. ദിവ്യ തെറ്റുകാരിയല്ല. സിബിഐ അന്വേഷണംകൊണ്ട് ഒരു കാര്യവുമില്ല. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായാൽ ഭരണകർത്താക്കൾ ചോദ്യം ചെയ്യും. വൈകാരികമായി പ്രശ്‌നങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളും ഒരു ജനതയും ആണ് ഇന്ന് കേരളത്തിലുള്ളതെന്നും ഹർഷകുമാർ പറഞ്ഞു.

പെട്രോൾ പമ്പിനായി പി.പി ദിവ്യ നിരന്തരം ശിപാർശ ചെയ്തിട്ടും നവീൻ ബാബു അക്കാര്യത്തിൽ തീരുമാനമെടുത്തില്ല. പിന്നീട് ഒരു സുപ്രഭാതത്തിൽ അനുമതി നൽകി. അനഭിലഷണീയമായ മാർഗത്തിലൂടെയാണ് അനുമതി നൽകിയതെന്ന് കരുതിയാണ് ദിവ്യ പ്രതികരിച്ചതെന്നും ഹർഷകുമാർ പറഞ്ഞു.

2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തലേദിവസം കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങളും പരസ്യമായ അപമാനിക്കലുമാണ് അദ്ദേഹത്തെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് കേസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട പി.പി. ദിവ്യ ഈ കേസിൽ ഏക പ്രതിയാണ്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

TAGS :

Next Story