Quantcast

2010ൽ പൊലീസ് കൊണ്ടുപോയ ദേശീയ പതാകയും പാർട്ടി പതാകയും വൃത്തിയോടെ തിരികെകിട്ടിയെന്ന് നാസറുദ്ദീൻ എളമരം

പോപുലർ ഫ്രണ്ട് പ്രതിചേർക്കപ്പെടുന്നതിന് ലഭിക്കുന്ന വാർത്താ പ്രാധാന്യം, കുറ്റവിമുക്തരാക്കപ്പെടുന്നതിന് ലഭിക്കില്ലെന്നത് കൊണ്ടാണ് കുറിപ്പ് ഇടണമെന്ന് തോന്നിയതെന്ന് അദ്ദേഹം കുറിച്ചു

MediaOne Logo

Web Desk

  • Published:

    1 Jan 2022 11:28 AM GMT

2010ൽ പൊലീസ് കൊണ്ടുപോയ ദേശീയ പതാകയും പാർട്ടി പതാകയും വൃത്തിയോടെ തിരികെകിട്ടിയെന്ന് നാസറുദ്ദീൻ എളമരം
X

2010ൽ പൊലീസ് കൊണ്ടുപോയ ദേശീയ പതാകയും പാർട്ടി പതാകയും പതിനൊന്നു വർഷവും അഞ്ചുമാസവും കഴിഞ്ഞിട്ടും വൃത്തിയോടെ തിരികെകിട്ടിയെന്ന് വിപി നാസറുദ്ദീൻ എളമരം. 2010ൽ യൂണിറ്റി ഹൗസിൽ നിന്ന് പൊലീസ് എടുത്തുകൊണ്ടുപോയി കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സൂക്ഷിച്ച ദേശീയ പതാകയും പോപുലർ ഫ്രണ്ട് പതാകയും ഡിസംബർ 29ന് വൃത്തിയായി കൈപറ്റിയെന്ന് ഫേസ്ബുക്കിലാണ് അദ്ദേഹം അറിയിച്ചത്. ഒരുവിധ കേടുപാട് ഇല്ലാതെ തിരിച്ചു ലഭിച്ചത് ഏറെ ആഹ്ലാദകരമാണെന്നും അത് സൂക്ഷിച്ചുവെച്ച കോടതി ജീവനക്കാരെ അഭിനന്ദിക്കാതെ വയ്യെന്നും അദ്ദേഹം കുറിച്ചു.

2010 ജൂലൈ 13ന് ഉച്ചക്ക് 12 മണിയോടെയാണ് വൻ പോലീസ് സംഘം കോഴിക്കോട് രാജാജി റോഡിലെ യൂണിറ്റി ഹൗസിൽ റെയ്ഡ് നടത്താൻ എത്തുന്നത്. പ്രവാചക നിന്ദ നടത്തിയ അധ്യാപകൻ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സംസ്ഥാനത്തുടനീളം നടത്തിയ ഭീകര പോപുലർ ഫ്രണ്ട് വേട്ടയുടെ കാലത്തായിരുന്നു സംസ്ഥാന ആസ്ഥാനവും റെയ്ഡ് ചെയ്തത്. കേരളം മുഴുവൻ ഒട്ടിച്ച പോസ്റ്ററുകളുടെ കോപ്പിയും വിതരണം ചെയ്ത നോട്ടീസുകളുമായിരുന്നു പ്രധാനമായും അന്ന് പൊലീസ് എടുത്തു കൊണ്ടുപോയത്. പ്രസിഡണ്ടിന്റെ റൂമിൽ വെച്ചിരുന്ന ദേശീയ പതാകയും സംഘടനാ പതാകയും കൂട്ടത്തിൽ എടുത്ത് കൊണ്ട്പോയി. ദേശീയ പതാകയെ അപമാനിച്ചു എന്ന പേരിൽ സംസ്ഥാന പ്രസിഡണ്ടിന്റെയും ഓഫീസ് സെക്രട്ടറിയുടെയും കെട്ടിട ഉടമകളുടെയും പേരിൽ കേസെടുത്തു. അക്കാലത്ത് അത്യാവശ്യം പൊലിപ്പിച്ച വാർത്തകൾ മാധ്യമങ്ങൾ നൽകുകയും ചെയ്തു. -നാസറുദ്ദീൻ എളമരം എഫ്ബി പോസ്റ്റിലെഴുതി.

മൂന്ന് വർഷത്തെ കോടതി നടപടികൾക്ക് ശേഷം കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 2015 നവംബർ 20ന് കേസിൽ തീർപ്പ് കൽപിച്ചു. ദേശീയ പതാകയെ അപമാനിച്ചതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാത്തത് കൊണ്ട് കസബ പൊലീസ് പ്രതിചേർത്ത അഞ്ചു പേരെയും കുറ്റവിമുക്തമാക്കി- അദ്ദേഹം ഓർമിപ്പിച്ചു.

കേസിൽ തീർപ്പ് കൽപിച്ച് ആറ് വർഷത്തിന് ശേഷമാണ് കോടതിയിൽ നിന്ന് ഇരു പതാകകളും തിരിച്ചുകിട്ടിയതെന്നും പോപുലർ ഫ്രണ്ട് നേതൃത്വവും പ്രവർത്തകരും പ്രതിചേർക്കപ്പെടുന്ന കേസുകൾക്ക് ലഭിക്കുന്ന വാർത്താ പ്രാധാന്യം, കുറ്റവിമുക്തരാക്കപ്പെടുന്ന കേസുകൾക്ക് ലഭിക്കില്ലെന്നത് കൊണ്ടാണ് പൊതുജന അറിവിലേക്കായി ഇങ്ങനെയൊരു കുറിപ്പ് ഇടണമെന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. കോടതി തിരികെ നൽകിയ പതാകകൾ നിലവിലെ സംസ്ഥാന ഭാരവാഹികൾക്ക് കൈമാറി. സ്വാതന്ത്ര്യ ചിന്തയുണർത്തുന്ന ദേശീയ പതാകയും സ്വാതന്ത്ര്യത്തിന് കാവലിരിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു മുന്നേറ്റത്തിന്റെ പതാകയും കൂടുതൽ തെളിച്ചതോടെ പുതിയ യൂണിറ്റി ഹൗസിന് അലങ്കാരമായി ഇരിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Nazaruddin Elamaram says National Flag and Popular Front flag taken away by police in 2010 were returned clean

TAGS :

Next Story