ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടിട്ടും കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന നസീർ: ചൂരൽമലയിൽ ഇങ്ങനെയും ചിലരുണ്ട്, കുറിപ്പ് ശ്രദ്ധേയമാകുന്നു
'' ഒറ്റക്കാകുമ്പോൾ ഓളും മോനുമൊക്കെ ഇടക്ക് വരും, എന്നിട്ട് എന്നെ സമാധാനിപ്പിക്കും, ധൈര്യം തന്നുകൊണ്ടിരിക്കും. ഓരിപ്പോളും മരിച്ചുപോയി എന്ന് എനിക്ക് തോന്നുന്നില്ല''

നസീറും കുടുംബവും
സുൽത്താൻബത്തേരി: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടിട്ടും മറ്റുള്ളവരെ സഹായിക്കുന്ന നസീറിന്റെ കഥ ശ്രദ്ധേയമാകുന്നു. നൗഷാദ് ബത്തേരിയാണ്, പ്രവാസിയായിരുന്ന നസീറിന്റെ കഥ പങ്കുവെച്ചത്.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിൽ ഇന്ന് നസീറും മകളും മാത്രമാണ് ബാക്കി. മകനെയും ഭാര്യയേയും ഉരുൾജലം കവർന്നു. ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് നിര്‍മിച്ച 85 ലക്ഷത്തിന്റെ വീടും തകര്‍ത്തു. എന്നിട്ടും ദുരന്തബാധിതർക്ക് നൽകുന്ന ആനുകൂല്യങ്ങളോ മറ്റോ ഒന്നും ആരോടും ചോദിക്കാതെ ഒരു മൂലയില്‍ ഒതുങ്ങിക്കൂടുകയാണ് അദ്ദേഹം. അതും മറ്റുള്ളവരെ സഹായിച്ചുകൊണ്ട്. കിട്ടിയ സഹായങ്ങൾപോലും വിഷമങ്ങളനുഭവിക്കുന്നവര്‍ക്കാണ് നസീര്‍ കൊടുക്കുന്നത്.
'നസീർ തന്റെ കഥകൾ ആരോടും ഇതുവരെയും പറഞ്ഞിട്ടില്ല. സർക്കാരിന്റെ അടുത്തുനിന്നും ഇന്നുവരെ ഒരു സാധനംപോലും വാങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരിടത്തും നസീറിനെപ്പറ്റിയുള്ള വാർത്തകൾ കാണാൻ തരമില്ല. ഈ ഒരുവർഷത്തിനിടക്ക് നസീറിന് കിട്ടിയ സഹായങ്ങൾപോലും വിഷമങ്ങളനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് എടുത്തുകൊടുക്കാറാണ് പതിവ്. ഉദ്യോഗസ്ഥന്മാർ നസീറിനെ അന്വേഷിച്ചപ്പോൾ ഗൾഫിലേക്ക് തിരിച്ചുപോയി എന്നാണത്രെ അവിടുത്തെ ആളുകൾ പറഞ്ഞത്- നൗഷാദ് ബത്തേരി എഴുതുന്നു
'ഒരുപക്ഷെ നസീറിനെപ്പോലെ ഒരിടത്തും മുഖംകാണിക്കാത്ത ആളുകൾ വേറെയുമുണ്ടായിരിക്കാം. അവർ ഒന്നിനോടും ഒരു പരാതിയുമില്ലാതെ അവിടെ എവിടെയെങ്കിലും ഒതുങ്ങിക്കൂടുന്നുണ്ടായിരിക്കാം'- എന്ന് പറഞ്ഞാണ് നൗഷാദ് ബത്തേരി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇത് നസീർ, ഇയാളെ ആരും ഇതുവരെയും ഒരു മാധ്യമത്തിലൂടെയും കണ്ടിട്ടുണ്ടാവാൻ സാധ്യതയില്ല. ഒരു ക്യാമറക്കുമുന്നിലും ഇന്നുവരെയും ഇയാൾ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരു ആനുകൂല്യങ്ങളും ആരോടും ചോദിച്ചുവാങ്ങിയിട്ടില്ല. ഇതുവരെയും ആരും കാണുകയും കേൾക്കുകയും ചെയ്യാത്ത നസീറിന്റെ കഥ ഇതാണ്.
ചൂരൽമലvഉരുൾപൊട്ടൽ കഴിഞ്ഞ് ഒരുമാസത്തിനുശേഷം പീപ്പിൾസ് ഫൗണ്ടേഷന്റെ കാപ്പംകൊല്ലിയിലെ ഓഫീസിലിരിക്കുമ്പോളാണ് നസീർ കടന്നുവരുന്നത്. കൂടെ പ്രായമായ ഒരാളും ഉണ്ടായിരുന്നു. ഞാൻ. ഇരിക്കാൻപറഞ്ഞു. "നിങ്ങൾക്ക് ഇയാളെയൊന്ന് സഹായിക്കാൻ പറ്റുമോ" എന്ന് ആ മനുഷ്യനെ കാണിച്ച് നസീർ എന്നോട് ചോദിച്ചു. ഞാൻ എന്താണ് കാര്യമെന്ന് അന്വേഷിച്ചു. നസീർ പറഞ്ഞു. "ഇയാൾ നീലിക്കാപ്പ് സ്വദേശിയാണ്. ചെവികേൾക്കൽ കുറവാണ് പ്രായം 70 ആയിട്ടുണ്ടാവും. ഇദ്ദേഹത്തിന്റെ ആദ്യഭാര്യ മരണപ്പെട്ടു. അതിനുശേഷം മറ്റൊരു വിവാഹം കഴിച്ചു. അതിലൊരു മകനുണ്ട്. അവന് 12 വയസ്സാണ് പ്രായമുള്ളൂ. അവൻ നിത്യരോഗിയാണ്. ഇയാൾക്കാണെങ്കിൽ പണിയൊന്നും ഇല്ല. കൂടാതെ ആസ്തമ രോഗികൂടിയാണ്. വരുമാനത്തിന് യാതൊരു മാർഗവുമില്ല. മകന്റെ ചികിത്സ കൽപ്പറ്റ ഗവണ്മെന്റ് ആശുപത്രിയിലാണ്. മൂന്ന് ദിവസം കൂടുമ്പോൾ ഫിസിയോ തെറാപ്പിക്ക് കൊണ്ടുപോകണം. അതിന് ഓട്ടോക്ക് കൊടുക്കാൻപോലും പണമില്ല. നിങ്ങൾ ഇയാൾക്കുവേണ്ടി എന്തെങ്കിലും സഹായം ചെയ്യുകയാണെങ്കിൽ വലിയ കാര്യമാകും. ഞാനൊക്കെയായിരുന്നു ഇതുവരെയും ഇയാളെ സഹായിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ എനിക്ക് അതിന് കഴിയില്ല".
ഞാൻ നസീറിനോട് പറഞ്ഞു. "ഇത് ഉരുള്പൊട്ടലുമായി ബന്ധപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള സംവിധാനമാണ്. ഇയാളാണെങ്കിൽ അത് ബാധിക്കാത്ത സ്ഥലത്തുള്ളതുമാണ്. എന്നാലും പീപ്പിൾസ് ഫൗണ്ടേഷന്റെ ബൈത്തു സക്കാത്ത് വഴി നമുക്ക് ഇയാൾക്കുവേണ്ടത് ചെയ്യാൻപറ്റുമോന്ന്നോക്കാം. അതിനായി ചില രേഖകൾ നിങ്ങൾ കൊണ്ടുവന്നാൽ ഞാൻ ഇവിടെനിന്ന് അത് ഓൺലൈനായി മകന്റെ ചികിത്സ സഹായത്തിന്അപേക്ഷിക്കാം". വേണ്ട രേഖകൾ എന്തൊക്കെയാണെന്ന് ചോദിച്ചറിഞ്ഞ് നസീർ അയാളെയും കൂട്ടി പോയി.
ഈ കഥ പ്രായമുള്ള ഈ മനുഷ്യന്റേതല്ല. കഥയിലെ കഥാപാത്രം നസീറാണ്. പിറ്റേന്ന് രാവിലെ നസീർ രേഖകളുമായി വന്നു. ഞാൻ ഓൺലൈനായി വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തു. നസീർ അപ്പോളും അവനെപ്പറ്റി ഒരക്ഷരം എന്നോട് മിണ്ടിയിട്ടില്ല. അതുകഴിഞ്ഞ് ഞാൻ നസീറിനെ പരിചയപ്പെട്ടു. പേരുചോദിച്ചു, വീടെവിടെയാണെന്ന് ചോദിച്ചു. ഒന്ന് നിശബ്ദനായി നസീർ മെല്ലെ പറഞ്ഞു. "എന്റെ പേര് നസീർ, ഞാൻ ഗൾഫിലായിരുന്നു, ഞാനായിരുന്നു ഇയാളെ സഹായിച്ചുകൊണ്ടിരുന്നത്. ഗൾഫിൽനിന്നും ഒരുമാസം മുൻപാണ് ഞാൻ വന്നത്. എന്റെ വീട് ചൂരൽമലയിലാണ്, അവിടെ സ്കൂൾ റോഡിൽ".
നസീർ ചൂരൽമലക്കാരനാണെന്ന് എനിക്കപ്പോളാണ് മനസിലാക്കുന്നത്. പിന്നെ ഞാൻ വിവരങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി. അതുവരെ ഞാൻകണ്ട നസീറായിരുന്നില്ല പിന്നീട്. ആ മനുഷ്യന്റെ മനസ്സിൽ കെട്ടിക്കിടന്നിരുന്ന കാർമേഘം മെല്ലെ പെയ്യാൻ തുടങ്ങി.
"ഞാൻ 20 വർഷമായി ഗൾഫിലാണ്, സൗദി, ഒമാൻ, ദുബായ് അങ്ങിനെ പല രാജ്യങ്ങളിലായിരുന്നു. അവസാനം ദുബായിലായിരുന്നു. അവിടെ ഹോട്ടലിൽ പൊറോട്ടപ്പണിയായിരുന്നു. ഉരുൾപൊട്ടലിന്റെ പിറ്റേന്നാണ് ഞാൻ വിവരമറിഞ്ഞ് വന്നത്. എന്റെ വീട്, ഭാര്യ, മകൻ, സഹോദരി, ഭർത്താവ് എല്ലാരും പോയി. എനിക്ക് രണ്ട് മക്കളായിരുന്നു. ഒരു മകനും ഒരു മകളും, മകന് 19 വയസ്, നല്ല ഫുട്ബാൾ പ്ലെയറായിരുന്നു, പൂനയിലൊക്കെപോയി ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. അവൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കഴിഞ്ഞു, കൂടെ ഐ ഫോൺ ടെക്‌നീഷ്യൻ കോഴ്സും പൂർത്തിയാക്കി, മകൾ ബത്തേരിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പഠിക്കുന്നു. അന്ന് മകൾ കോളേജിലായിരുന്നതുകൊണ്ട് അവള്മാത്രം ഇന്നുണ്ട്". "ഞാൻ അവസാനം വന്നുപോയിട്ട് മൂന്ന് വർഷവും 20 ദിവസവും കഴിഞ്ഞിരുന്നു. നാട്ടിലേക്കുവരാനുള്ള തയ്യറെടുപ്പിലായിരുന്നു. മക്കളുടെ പഠനവും, കൂടെ പുതിയ വീടുവെച്ചതിന്റെ ബാധ്യതയും ഒക്കെയാണ് മൂന്ന് വർഷമായി എനിക്ക് നാട്ടിലേക്ക് വരാൻ സാധിക്കാതിരുന്നത്. പുതിയ വീടുണ്ടാക്കിയിട്ട് ഞാൻ അതിൽ താമസിച്ചിട്ടില്ല.
ആറുമാസം മുൻപാണ് വീട്ടിൽ കൂടിയത്. 5 ലക്ഷം മുടക്കി പുഴയുടെ സൈഡിൽ വലിയ റിട്ടേൺ വാൾ കെട്ടിയിരുന്നു. അങ്ങോട്ടൊന്നും വെള്ളംകയറുമെന്നു സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. 85 ലക്ഷം മുടക്കിയാണ് എന്റെ വീടിന്റെ മൊത്തം പണി കഴിഞ്ഞത്, ഞാൻ ഇപ്പോൾ നാട്ടിലേക്ക് വരുമ്പോൾ എന്റെ അക്കൗണ്ടിൽ 4500 രൂപയാണ് ഉണ്ടായിരുന്നത്. അതുതന്നെ എന്തോ പെൻഷൻ പൈസ കയറിയതായിരുന്നു."
ഇത്രേം കാര്യങ്ങൾ നസീർ ഒറ്റയടിക്ക് പറഞ്ഞതല്ല. ഈ കഴിഞ്ഞ ഒരുവര്ഷത്തിനിടക്ക് പലപ്പോളായി എന്നോട് പറഞ്ഞതാണ്. ചിലത് ഇന്നല രാത്രി ഞാൻ ഫോണിലൂടെ അര മണിക്കൂറിലധികം സംസാരിച്ചപ്പോളാണ് വീടിന്റെയും മറ്റും കാര്യങ്ങൾ പറയുന്നതുപോലും.
ഇതാണ് നസീർ. നസീർ തന്റെ കഥകൾ ആരോടും ഇതുവരെയും പറഞ്ഞിട്ടില്ല. സർക്കാരിന്റെ അടുത്തുനിന്നും ഇന്നുവരെ ഒരു സാധനംപോലും വാങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരിടത്തും നസീറിനെപ്പറ്റിയുള്ള വാർത്തകൾ കാണാൻ തരമില്ല. ഈ ഒരുവർഷത്തിനിടക്ക് നസീറിന് കിട്ടിയ സഹായങ്ങൾപോലും നസീർ ആദ്യംപറഞ്ഞ ആളെപ്പോലുള്ളവരുടെ വിഷമങ്ങൾ അറിയുമ്പോൾ അവർക്ക് എടുത്തുകൊടുക്കാറാണ് പതിവ്. ഉദ്യോഗസ്ഥന്മാർ നസീറിനെ അന്വേഷിച്ചപ്പോൾ ഗൾഫിലേക്ക് തിരിച്ചുപോയി എന്നാണത്രെ അവിടുത്തെ ആളുകൾ പറഞ്ഞത്.
നസീർ ഇപ്പോളും മേപ്പാടിയിലെ കാപ്പംകൊല്ലിയിലെ ഒറ്റമുറി വാടക കെട്ടിടത്തിൽ ഉണ്ട്. ഒറ്റക്കാണ്. മകൾ നസിയ ബത്തേരിയിൽ ഹോസ്റ്റലിലാണ്. ഇടക്ക് മകൾ വരുമ്പോൾ അവളുടെ ഉമ്മയുടെ വീട്ടിലേക്ക് പോകും. അല്ലാത്തപ്പോളൊക്കെ ഒറ്റക്ക് കാപ്പംകൊല്ലിയിലെ റൂമിലാണ്. ഇന്നലെ രാത്രിയിലെ സംസാരത്തിൽ "നാളെ ചൂരൽമലയിലേക്ക് പോകുന്നില്ലേ എന്ന് ഞാൻ ചോദിച്ചു,". പോകണം ഇന്ഷാ അല്ലാഹ്. പക്ഷെ രാവിലെ പോകുന്നില്ല. അവിടെ എല്ലാരേയും കാണുമ്പോൾ എന്തോ വല്ലാത്ത പ്രയാസമാണ്. ഇവിടെ ഒറ്റക്കാകുമ്പോൾ ഓളും മോനുമൊക്കെ ഇടക്ക് വരും, എന്നിട്ട് എന്നെ സമാധാനിപ്പിക്കും, എന്നെ സന്തോഷിപ്പിക്കും, എനിക്ക് ധൈര്യം തന്നുകൊണ്ടിരിക്കും. ഓരിപ്പോളും മരിച്ചുപോയി എന്ന് എനിക്ക് തോന്നണില്ല."
നസീറിന് തുണയായി പരിചയപ്പെട്ട അന്നുമുതൽ പീപ്പിൾസ് ഫൗണ്ടേഷൻ കൂടെയുണ്ട്. നസീറിന്റെ ഒരു വാടക ഷോപ് കുറച്ചുനാൾ മുൻപ് കാപ്പംകൊല്ലിയിൽ തുറന്നിട്ടുണ്ട്. ഇപ്പോൾ രാവിലെയാകുമ്പോൾ ഷോപ്പ് തുറക്കും. "അൽഹംദുലില്ലാഹ് ഇന്ന് ചിലവിനുള്ളതെല്ലാം ഈ ഷോപ്പുകൊണ്ട് കിട്ടുന്നുണ്ടെന്ന് നസീർ പറയുന്നു. കൂടെ ഒരു കാര്യംകൂടി. "ഉരുൾപൊട്ടലിൽ അനാഥരായിപ്പോയ വിധവകൾ, ആൺമക്കളില്ലാത്ത കുടുംബങ്ങൾ അങ്ങിനെ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ആരെങ്കിലും വീട് വെച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനാവശ്യമായ സാധനങ്ങൾ വാടകയില്ലാതെ ഞാൻ കൊടുക്കാം."
ഒരുപക്ഷെ നസീറിനെപ്പോലെ ഒരിടത്തും മുഖംകാണിക്കാത്ത ആളുകൾ വേറെയുമുണ്ടായിരിക്കാം. അവർ ഒന്നിനോടും ഒരു പരാതിയുമില്ലാതെ അവിടെ എവിടെയെങ്കിലും ഒതുങ്ങിക്കൂടുന്നുണ്ടായിരിക്കാം.
Adjust Story Font
16

