നഴ്സിനെ ബലാൽസംഗം ചെയ്ത് കൊന്ന കേസ്; പ്രതി നസീറിന് ജീവപര്യന്തം തടവ് ശിക്ഷ
തടി കച്ചവടക്കാരനായ നസീർ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ടിഞ്ചു മൈക്കിൾ എന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം തടവ് ശിക്ഷ. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടി കച്ചവടക്കാരനായ നസീർ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ടിഞ്ചു മൈക്കിൾ എന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗത്തിന് 10 വർഷവും വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴ് വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊലപാതകം നടന്ന് 20 മാസങ്ങൾക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് യഥാർഥ പ്രതിയെ അറസ്റ്റ് ചെയ്തത്.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണമികവിലാണ് യഥാർഥ പ്രതിയായ നസീറിനെ പിടികൂടിയത്. ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിന്റെ ശാസ്ത്രീയതെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. സംഭവദിവസം വീടിന് സമീപത്തുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് തുടർച്ചയായി ചോദ്യം ചെയ്തു. ഇതിൽ പ്രദേശവാസിയായ നസീറുമുണ്ടായിരുന്നു. മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിളും നസീറിൻ്റെ രക്തസാമ്പിളും ഒന്നാണെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിൽ നസീറിന്റെ പങ്ക് പുറംലോകമറിയുന്നത്.
അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ആര്‍.പ്രതാപന്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗിക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്. നേരത്തെ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്‍ സുഹൃത്ത് ടിജിനെ കുറ്റാരോപിതനാക്കിയാണ് മുന്നോട്ടുപോയത്. കേസന്വേഷണത്തിന്റെ ഭാഗമായി ടിജിനെ പ്രതിയെന്ന് സംശയിച്ച് പോലീസ് ക്രൂരമായി തല്ലിച്ചതച്ചതും വിവാദമായിരുന്നു. ടിജിന്റെ പരാതിയെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും ചെയ്തു.
Adjust Story Font
16

