Quantcast

നെടുമ്പാശ്ശേരി അപകടം; മുഖ്യപ്രതി സുഹൈലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

സുഹൈല്‍ ഉള്‍പ്പടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2026-10-18 03:29:04

Published:

18 Oct 2026 7:05 AM IST

നെടുമ്പാശ്ശേരി അപകടം; മുഖ്യപ്രതി സുഹൈലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്
X

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. സുഹൈല്‍ ഉള്‍പ്പടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനും ഉള്‍പ്പടെ സുഹൈലിനെ കസ്റ്റഡിയില്‍ കിട്ടിയത് രണ്ട് ദിവസം മാത്രമാണെന്നും ഇത് അന്വേഷണത്തിന് അപര്യാപ്തമാണെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ നിര്‍ണായകമായേക്കാം എന്ന് കരുതുന്ന മിനി കൂപ്പര്‍ കാറിന്റെ ഇഡിആര്‍ വിവരങ്ങള്‍ ഉള്‍പ്പടെ ലഭിക്കുന്ന സാഹചര്യത്തില്‍ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

അതേസമയം, തുടര്‍ച്ചയായി നാലുദിവസം കോടതി അവധി ആയതിനാല്‍ പ്രതികള്‍ക്ക് ജാമ്യം തേടി മേല്‍ക്കോടതികളെ സമീപിക്കാനുള്ള സാധ്യത തടസപ്പെട്ടിരിക്കുകയാണ്. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയല്‍, അമീന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴി നല്‍കിയ പ്രിയാദ് എങ്ങനെ സീനിലേക്ക് വന്നെന്നും പ്രാഥമിക മൊഴി നല്‍കാന്‍ എങ്ങനെ കഴിയുമെന്നും മൊഴി നല്‍കാന്‍ അയാള്‍ സംഭവം കണ്ടതായി തെളിവുണ്ടോയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.

നരഹത്യ ചുമത്താന്‍ എന്ത് കുറ്റമാണ് ഉണ്ടായതെന്നും അമിതവേഗത്തിലായിരുന്നെന്നതിന് തെളിവുകളില്ലെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്‍ച്ചയായ മറ്റൊരു വാര്‍ത്തയെ ഒതുക്കാനാണ് ഈ അപകടം വലിയ വാര്‍ത്തയാക്കിയതെന്നും അതിനാല്‍ ഇതില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

മൂന്നുപേര്‍ സഞ്ചരിച്ചത് കൊണ്ടാണ് അപകടം വിളിച്ചു വരുത്തിയതെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ അതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് മജിസ്ട്രേറ്റ് കോടതി തിരിച്ചു ചോദിച്ചു. നിയമലംഘനം നടത്തിയെന്ന് പ്രതിഭാഗം ഉന്നയിച്ചതോടെ അവര്‍ മരിച്ചുപോയില്ലേ, ഇനി നടപടി എടുക്കാന്‍ പറ്റുമോയെന്ന് കോടതി തിരിച്ചു ചോദിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വിഐപി റോഡില്‍ നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

TAGS :

Next Story