ഒരു മാസമായി അമ്മയെയും മകനെയും കാണാനില്ല; വീട്ടുവളപ്പിൽ മണ്ണ് ഇളകിക്കിടക്കുന്ന സ്ഥലത്ത് പരിശോധിച്ചപ്പോൾ ഒരടി താഴ്ചയിൽ രണ്ട് മൃതദേഹങ്ങൾ
മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ സംശയം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ കാണാതായ അമ്മയുടെയും മകന്‍റെയും മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. പച്ചടി പൊന്നുട്ടയിൽ 78 വയസുള്ള മേരിക്കുട്ടി, റെജി(48) എന്നിവരെ ഈ മാസം രണ്ട് മുതൽ കാണാനില്ലെന്ന പരാതിയിൽ പരിശോധന നടത്തുന്നതിനിടെയാണ് ശശീരഭാഗങ്ങൾ കണ്ടെത്തിയത്.
മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ സംശയം. ഇന്നലെ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തെ കണ്ട് സജി ഓടി രക്ഷപ്പെട്ടിരുന്നു. മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങൾ വീണ്ടെടുത്ത് ഫോറൻസിക് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം രക്ഷപ്പെട്ട സജിക്കായി തിരച്ചിൽ തുടരുകയാണ്. മേരിയുടെ മകൾ സിനിയാണ് അമ്മയെയും സഹോദരനെയും കാണാനില്ലെന്ന് കാട്ടി നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയത്.
കൂലിപ്പണിക്കാരാണ് റെജിയും സജിയും. ഇരുവരും അവിവാഹിതരാണ്. സഹോദരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നു. മേരിയെയും റെജിയെയും കാണാതായപ്പോൾ മുതൽ നാട്ടുകാര്‍ സജിയോട് വിവരം തിരക്കിയിരുന്നു. എന്നാൽ പരസ്പരവിരുദ്ധമായിരുന്നു മറുപടി. സംശയം തോന്നിയ നാട്ടുകാര്‍ സിനിയെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ മണ്ണ് ഇളകിക്കിടക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരടി താഴ്ചയിലായിരുന്നു മൃതദേഹങ്ങൾ മറവ് ചെയ്തിരുന്നത്.
Adjust Story Font
16

