Quantcast

'സജി മാത്യുവിന്റെ മകൻ അല്ലെന്ന് പറഞ്ഞ് നിരന്തരം അപമാനം, വിവാഹം കഴിക്കാൻ അനുവദിച്ചില്ല'; നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിന് പിന്നിൽ വർഷങ്ങളായുള്ള പക

നെടുങ്കണ്ടം പച്ചടിയിലെ ആ വീടിന്റെ അകത്തളങ്ങളിൽ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പകയുടെ കനലുകളാണ് ഒടുവിൽ രണ്ട് ജീവനുകൾ കവർന്ന ഇരട്ടക്കൊലപാതകമായി മാറിയത്

MediaOne Logo

Web Desk

  • Updated:

    2026-04-28 14:16:41.0

Published:

28 April 2026 6:34 PM IST

സജി മാത്യുവിന്റെ മകൻ അല്ലെന്ന് പറഞ്ഞ് നിരന്തരം അപമാനം, വിവാഹം കഴിക്കാൻ അനുവദിച്ചില്ല; നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിന് പിന്നിൽ വർഷങ്ങളായുള്ള പക
X

നെടുങ്കണ്ടം പച്ചടിയിലെ ആ വീടിന്റെ അകത്തളങ്ങളിൽ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പകയുടെ കനലുകളാണ് ഒടുവിൽ രണ്ട് ജീവനുകൾ കവർന്ന ഇരട്ടക്കൊലപാതകമായി മാറിയത്. ഈ ക്രൂരകൃത്യത്തിലേക്ക് സജിയെ നയിച്ചത് കേവലം ഒരു നിമിഷത്തെ പ്രകോപനമായിരുന്നില്ല, മറിച്ച് തന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് സഹോദരൻ റെജി വർഷങ്ങളോളം നടത്തിയ മാനസിക പീഡനങ്ങളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. 'നീ മാത്യുവിന്റെ മകനല്ല' എന്ന റെജിയുടെ ആവർത്തിച്ചുള്ള ആക്ഷേപം സജിയുടെ ഉള്ളിൽ വലിയ മുറിവുകളുണ്ടാക്കി. സ്വന്തം വീട്ടിൽ തന്നെ താനൊരു അന്യനാണെന്ന തോന്നൽ ഇളയ സഹോദരനിൽ വളർത്താൻ റെജി ബോധപൂർവം ശ്രമിച്ചുകൊണ്ടിരുന്നു.

സഹോദരന്റെ വാക്കുകളേക്കാൾ മൂർച്ചയുള്ള പരിഹാസത്തിനൊപ്പം, തന്റെ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ റെജി തടഞ്ഞതും സജിയെ ആത്മഹത്യപരമായ തീരുമാനങ്ങളിലേക്ക് നയിച്ചു. സജിയുടെ വിവാഹം മുടക്കാൻ റെജി നിരന്തരം ശ്രമിച്ചിരുന്നു. വിവാഹം കഴിക്കാനുള്ള അനുവാദം നിഷേധിക്കപ്പെട്ടതും, അതോടൊപ്പം പിതൃത്വത്തെ ചൊല്ലിയുള്ള നിരന്തരമായ അപമാനങ്ങളും ചേർന്നപ്പോൾ സജി പ്രതികാരത്തിന്റെ വഴി തിരഞ്ഞെടുത്തു. വസ്തു തർക്കം ഇതിനെല്ലാം പുറമെയുള്ള ഒരു കാരണം മാത്രമായിരുന്നുവെന്നും, സഹോദരനോടുള്ള കടുത്ത വെറുപ്പാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന ചാലകശക്തിയെന്നും ജില്ലാ പൊലീസ് മേധാവി സാബു മാത്യു പറഞ്ഞു.

കൃത്യത്തിന് ശേഷം വനമേഖലയിൽ ഒളിവിൽ കഴിഞ്ഞ സജി, നാട്ടുകാർക്ക് മുന്നിലെത്തി കീഴടങ്ങുമ്പോൾ 'എനിക്ക് തെറ്റുപറ്റിപ്പോയി' എന്ന് ഏറ്റുപറഞ്ഞിരുന്നു. എങ്കിലും, അമ്മയെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടുപടിക്കൽ തന്നെ കുഴിച്ചുമൂടിയ അയാളുടെ പ്രവൃത്തി നാടിനെ നടുക്കി. മദ്യപിച്ച് വീട്ടിലെത്തുന്ന സജി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെങ്കിലും, ഈ തർക്കങ്ങൾ ഇത്ര വലിയ ദുരന്തത്തിൽ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ല. സജിയുടെ സഹോദരി സിനിയുടെ ഇടപെടലാണ് വീടിനുള്ളിലെ ഈ കൊടുംക്രൂരത പുറംലോകത്തെ അറിയിച്ചത്.

സജി പിടിയിലായതോടെ എട്ട് വർഷമായി കാണാതാവായ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പൊലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരെ ഇല്ലാതാക്കാൻ മടിക്കാത്ത സജി, 2018ൽ പിതാവിനെയും അപായപ്പെടുത്തിയിരിക്കാമെന്ന സംശയം ശക്തമാണ്. നിലവിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുന്ന സജിയിൽ നിന്ന് പഴയ തിരോധാനത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. വാക്കുകൾ കൊലക്കത്തിയേക്കാൾ മാരകമായി മാറിയ ഒരു കുടുംബത്തിന്റെ തകർച്ചയുടെ കഥയാണ് നെടുങ്കണ്ടം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

TAGS :

Next Story