'ഐക്യം വേണം'; മുന്നറിയിപ്പുമായി കെപിസിസി രാഷ്ട്രീയ കാര്യസമിതി
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു

തിരുവനന്തപുരം: ഐക്യമിലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കെപിസിസി രാഷ്ട്രീയ കാര്യസമിതി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാന ചർച്ച ഇപ്പോൾ പാടില്ലെന്നും, തർക്കം തെറ്റായ സന്ദേശം നൽകുമെന്നും പി.ജെ കുര്യൻ പറഞ്ഞു. ഐക്യമുണ്ടെന്ന് തെളിയിക്കാൻ സംയുക്ത വാർത്താസമ്മേളനം നടത്താനും തീരുമാനമായി.
ആറ് മണിക്കൂറോളം നീണ്ടു നിന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റെ പൊതുവികാരം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതൃത്വം ഐക്യത്തോടെ മുന്നോട്ട് പോകണം എന്നായിരുന്നു. യോഗത്തിൻ്റെ അവസാനത്തിൽ വി.ഡി സതീശൻ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പദ്ധതി വിശദീകരിച്ചത് എ.പി. അനിൽകുമാർ ചോദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ ആരാണെന്ന് അനിൽകുമാർ ചോദിച്ചു. എനിക്ക് പറയാൻ അവകാശമില്ലേ എന്ന മറു ചോദ്യം ഉന്നയിച്ച് കൊണ്ട് പ്രസംഗം പൂർത്തിയാക്കാതെ വി.ഡി സതീശൻ ഇരുന്നു.
തുടർന്ന് പറഞ്ഞ് വന്നത് പൂർത്തിയാക്കാൻ കെ.സി വേണുഗോപാൽ അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും സതീശൻ തയ്യാറായില്ല. പ്രതിപക്ഷ നേതാവിൻ്റെ വസതി യുഡിഎഫുകാരുടെ അഭയ കേന്ദ്രമല്ലെന്ന് ശൂരനാട് രാജശേഖരൻ വിമർശിച്ചു. വയനാട്ടിൽ ആത്മഹത്യ ചെയ്ത എൻ.എം വിജയൻ്റെ കുടുംബത്തെ ചേർത്തുനിർത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടു എന്ന വിമർശനവും ശൂരനാട് ഉന്നയിച്ചു. കെ. കരുണാകരനും മറ്റും കാട്ടിയിരുന്ന വാത്സല്യം നേതാക്കൾ മാതൃകയാക്കണമെന്നും ശൂരനാട് നിർദ്ദേശിച്ചു. വ്യക്തിപരമായ വിമർശനം വേണ്ടെന്ന് പറഞ്ഞ് ദീപാ ദാസ് മുൻഷി ഇടപെട്ടു. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ തുടർന്നാൽ വിജയിക്കില്ല. തർക്കങ്ങൾ അവസാനിപ്പിക്കുന്നില്ലെങ്കിൽ കേരളത്തിൻ്റെ ചുമതല ഒഴിയുമെന്നും ദീപ ദാസ് പറഞ്ഞു.
മൂന്നാമതും പ്രതിപക്ഷത്തിരിക്കാൻ വയ്യെന്നും അതു മനസ്സിൽ വെച്ച് എല്ലാവരും പെരുമാറണം എന്നുമായിരുന്നു ടി. സിദ്ദീഖിന്റെ ആവശ്യം. രാഷ്ട്രീയകാര്യ സമിതിയുടെ ഗൗരവം ഉൾക്കൊള്ളണമെന്നും എല്ലാമാസവും യോഗം വിളിക്കണം എന്നും ബെന്നി ബഹനാൻ നിർദേശിച്ചു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കി നേതാക്കൾ നടത്തുന്ന നീക്കം ഗുണം ചെയ്യില്ലെന്ന് പി.ജെ കുര്യൻ തുറന്നടിച്ചു. ഇതിനെ മറ്റു നേതാക്കളും പിന്താങ്ങി. ഐക്യത്തിന്റെ കാഹളം താഴെത്തട്ടിലേക്ക് നൽകാനായി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുഷിയും സംയുക്ത വാർത്താ സമ്മേളനം നടത്തും. കെപിസിസി പുനഃസംഘടന അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുതെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
Adjust Story Font
16

