Quantcast

ആരോഗ്യവകുപ്പിൽ പുതിയ ഡോക്ടർമാരുടെ തസ്തിക അനുവദിച്ചതിൽ മലപ്പുറത്തോട് അവഗണന; പ്രതിഷേധം ശക്തം

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിൽ 202 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചപ്പോൾ മലപ്പുറം ജില്ലക്ക് നാലെണ്ണം മാത്രമാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2026-01-01 11:53:14.0

Published:

1 Jan 2026 4:02 PM IST

51 doctors dismissed for illegally absenting themselves from work
X

കോഴിക്കോട്: സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിൽ 202 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചപ്പോൾ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള മലപ്പുറം ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധം കനക്കുന്നു. നാല് ഡോക്ടർമാരുടെ തസ്തിക മാത്രമാണ് ജില്ലക്ക് അനുവദിച്ചത്. സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ അഭാവം രൂക്ഷമായ ജില്ലയാണ് മലപ്പുറം.

കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ ഇക്കാര്യം ഉന്നയിച്ചിരുന്നു. ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലുമായി സൂപ്പർ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി ഉൾപ്പെടെ വിവിധ വിഭാഗം ഡോക്ടർമാരുടെ 202 തസ്തികകളാണ് സൃഷ്ടിച്ചത്.

മലപ്പുറം- 4, കണ്ണൂർ- 41, വയനാട്- 6, ഇടുക്കി- 7, കോഴിക്കോട്്- 10, തിരുവനന്തപുരം- 13, കൊല്ലം- 21, പത്തനംതിട്ട- 9, കോട്ടയം- 14, ആലപ്പുഴ- 6, എറണാകുളം- 11, തൃശൂർ- 14, പാലക്കാട്- 16, കാസർകോട്- 30 എന്നിങ്ങനെയാണ് പുതിയ തസ്തിക അനുവദിച്ചതിന്റെ ജില്ല തിരിച്ചുള്ള കണക്ക്.

കാർഡിയോളജി, യൂറോളജി, ഗൈനക്, അനസ്‌തേഷ്യ വിഭാഗങ്ങളിൽ അനുവദിച്ച ഒരു തസ്തിക പോലും മലപ്പുറത്തിനില്ല. 48 അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ തസ്തികയിൽ ഒന്നുപോലും ജില്ലക്ക് ലഭിച്ചില്ല. തിരൂർ ജില്ലാ ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് ഫോറൻസിക് മെഡിസിൻ, കൺസൾട്ടന്റ് ന്യൂറോളജി, കൺസൾട്ടന്റ് നെഫ്രോളജി തസ്തികകളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കൺസൾട്ടന്റ് ജനറൽ സർജറി തസ്തികകളുമാണ് അനുവദിച്ചത്. കൂടുതൽ തസ്തികകളും കണ്ണൂർ ജില്ലയിലാണ് അനുവദിച്ചിട്ടുള്ളത്.

അനുവദിച്ച തസ്തികകളിൽ കൂടുതൽ പോസ്റ്റുകൾ വിവിധ ജില്ലകളിലെ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾക്കാണ്. സർക്കാർ മേഖലയിൽ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ മലപ്പുറത്ത് ഒന്ന് പോലുമില്ല. ഇതാണ് തസ്തികകൾ അനുവദിക്കപ്പെടാത്തതിന്റെ കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. ഒരു മാതൃ- ശിശു ആശുപത്രിയുണ്ടെങ്കിലും അവിടേക്ക് പുതിയ തസ്തികകൾ അനുവദിച്ചിട്ടില്ല.

ആരോഗ്യ സബ് സെന്ററുകൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ അഭാവം ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സായാഹ്ന ഒ.പിയില്ല. കിടത്തി ചികിത്സ തുടങ്ങിയ പലയിടത്തും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും അഭാവം കാരണം നിർത്തിവെച്ചു. ജനസംഖ്യാനുപാതികമായ ആരോഗ്യസംവിധാനങ്ങൾ ജില്ലയിലില്ല എന്നത് നിരന്തരം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും അത് പരിഹരിക്കാൻ ഇടപെടലുകൾ ഉണ്ടാവുന്നില്ല. നേരത്തെ മഞ്ചേരി ജനറൽ ആശുപത്രിയിലെ ഹെൽത്ത് സർവീസിന് കീഴിലെ 12 ഡോക്ടർമാരെ ജില്ലയിലെ തന്നെ മറ്റു ജില്ല, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് 595 ഡോക്ടർ തസ്തികകൾ സൃഷ്ടിക്കാനുള്ള പ്രപ്പോസൽ നൽകിയിട്ടുണ്ടെന്നാണ് ഡിഎംഒ നൽകുന്ന വിശദീകരണം.

TAGS :

Next Story