പ്രതിഷേധങ്ങൾക്കിടയിലും ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കോഴിക്കോടിൻ്റെ മുഖമായിരുന്ന പാളയം പച്ചക്കറി മാർക്കറ്റാണ് കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. പദ്ധതിക്കെതിരെ പ്രാരംഭഘട്ടം മുതൽ ശക്തമായ പ്രതിഷേധവുമായി മാർക്കറ്റിലെ തൊഴിലാളികൾ രംഗത്ത് എത്തിയിരുന്നു

Photo: MediaOne
കോഴിക്കോട്: കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയായ പുതിയ പാളയം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാർക്കറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. നാടിന് നല്ലത് വരുന്ന കാര്യങ്ങൾക്ക് എതിർപ്പുമായി എത്തുന്നത് ഇപ്പോൾ പതിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോടിൻ്റെ മുഖമായിരുന്ന പാളയം പച്ചക്കറി മാർക്കറ്റാണ് കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. പദ്ധതിക്കെതിരെ പ്രാരംഭഘട്ടം മുതൽ ശക്തമായ പ്രതിഷേധവുമായി മാർക്കറ്റിലെ തൊഴിലാളികൾ രംഗത്ത് എത്തിയിരുന്നു. ഇത് തുടരുന്നതിനിടെയാണ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. പ്രതിഷേധക്കാർക്കെതിരെ മുഖ്യമന്ത്രി ശക്തമായി തുറന്നടിച്ചു. നാടിൻ്റെ നല്ല കാര്യത്തെ തള്ളി പറയുന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. നാടിൻ്റെ വികസനത്തെ അനുകൂലിക്കാത്തത് പ്രതിപക്ഷം ചെയ്യുന്ന തെറ്റാണെന്നും പിണറായി വിജയൻ പറഞ്ഞു
'ചിലർ കൺമുന്നിലെ നേട്ടങ്ങൾ കണ്ടില്ലെന്ന് നടക്കുകയാണ്. സ്വാർഥ താൽപര്യങ്ങൾ ഉണ്ടായില്ല എന്നുകരുതി നാടിന്റെ നേട്ടങ്ങൾക്കെതിരെ നിൽക്കുന്നത് ശരിയല്ല. ആളുകൾക്ക് കാര്യങ്ങൾ എല്ലാം മനസ്സിലായിട്ടുണ്ട്. വികസനത്തിന്റെ പേരിൽ ഒരാളും കുടിയൊഴിക്കപ്പെടുകയില്ല. കൃത്യമായ പുനരധിവാസം നടക്കും. ' മുഖ്യമന്ത്രി പറഞ്ഞു.
പഴയ പാളയം മാർക്കറ്റിന് മുന്നിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോഴും പ്രതിഷേധവുമായി തൊഴിലാളികൾ ഒത്തുകൂടി. ഇതേതുടർന്ന് പ്രതിഷേധക്കാരും, പദ്ധതിയെ അനുകൂലിക്കുന്നവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
'സാധുക്കളായ വ്യാപാരികൾക്ക് കുടുസായ മുറികൾ നൽകിക്കൊണ്ട് കോർപറേഷൻ ഭരണാധികാരികൾ അവരുടെ ഹുങ്ക് പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം പ്രമാണിമാർക്ക് തീറെഴുതി നൽകി. ചെറിയ മുറികളിൽ ഞങ്ങളെന്ത് ചെയ്യാനാണ്? മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിനെതിരായ സമരം ഞങ്ങൾ അവസാനിപ്പിക്കുകയില്ല. ' പ്രതിഷേധത്തിനിടെ ഒരു വ്യാപാരി പ്രതികരിച്ചു.
അതേസമയം, പാളയം മാർക്കറ്റ് പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്ന പദ്ധതിക്ക് അഭിവാദ്യമറിയിച്ചുകൊണ്ട് വ്യവസായി ഏകോപന സമിതി ജാഥ സംഘടിപ്പിച്ചു. 100 കോടി ചെലവഴിച്ച് പൂർത്തിയാക്കിയതാണ് പദ്ധതി. 500 വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ചിരിക്കുന്ന സമുച്ചയത്തിൽ 300 ഓളം ഫ്രൂട്‌സ് ആന്റ് വെജിറ്റബിൾ ഷോപ്പുകളുണ്ട്. ശീതീകരിച്ച സംവിധാനവും വിശ്രമകേന്ദ്രം, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
Adjust Story Font
16

